saji

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പൊതുയോഗത്തിൽ പ്രസംഗിച്ച സജി ചെറിയാന് പിടിച്ചു നിൽക്കാൻ പഴുതുകളുണ്ടായിരുന്നില്ല. കോടതിയിലെത്തിയ പരാതിയിൽ പ്രതികൂല പരാമർശങ്ങളുണ്ടാവുമെന്ന് അഡ്വക്കേറ്റ് ജനറൽ മുഖ്യമന്ത്രിക്ക് നിയമോപദേശം നൽകിയതും, ഉചിതമായ നടപടിക്ക് സി.പി.എം കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതും രാജിയിലേക്ക് വഴി തെളിച്ചു. തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉചിതമായ നടപടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു

കേസെടുക്കാൻ കോടതി ഉത്തരവിട്ടാലോ, പ്രതികൂല പരാമർശങ്ങളുണ്ടായാലോ രാജി അനിവാര്യമാവുമായിരുന്നു. ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്ന സത്യപ്രതി‌ജ്ഞ മന്ത്രി ലംഘിച്ചെന്ന് കോടതി നിരീക്ഷിച്ചാലും മന്ത്രിക്കസേര ഇളകുമായിരുന്നു. വീഴ്ച അംഗീകരിച്ചുള്ള രാജിക്ക് ലഭിക്കുന്ന പരിവേഷം കോടതിയുടെ തട്ടുകിട്ടിയ ശേഷമുള്ള രാജിക്ക് കിട്ടില്ല. ക്രിമിനൽ കേസെടുക്കണമെന്ന് നിരവധി പരാതികൾ പൊലീസിനും കിട്ടി. ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാനാവുമെന്ന് അഡ്വക്കേറ്റ് ജനറലും ചൂണ്ടിക്കാട്ടി. കോടതിയുടെ ഇടപെടലുകളാണ് ഗവർണറും കാത്തിരുന്നത്.

എഴുത്തിലോ ,പ്രസംഗത്തിലോ ,പ്രവൃത്തിയാലോ ഭരണഘടനയെ അനാദരിക്കുന്നത് മൂന്നു വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തുന്ന ഇടതുപക്ഷത്തിന് ഭരണഘടനയിലെ മതേതരത്വവും ജനാധിപത്യവും കുന്തവും കുടച്ചക്രവുമാണെന്ന പ്രസംഗം കണ്ടില്ലെന്ന് നടിക്കാനാവില്ല. കേന്ദ്രസർക്കാർ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കുന്നെന്ന് വിമർശിക്കുന്ന സി.പി.എമ്മിനും ഇത് വെല്ലുവിളിയായി. സഭയിൽ പ്രതിപക്ഷം വൻ പ്രതിഷേധങ്ങൾക്ക് കോപ്പു കൂട്ടിയതും രാജിക്ക് വേഗത കൂട്ടി.

രാജിയിലേക്ക് നയിച്ച

ഘടകങ്ങൾ

■സത്യപ്രതിജ്ഞാ ലംഘനം

ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വാസവും പുലർത്തുമെന്ന സത്യപ്രതിജ്ഞ, ഭരണഘടനയെ തള്ളിപ്പറഞ്ഞതിലൂടെ ലംഘിച്ചു.

■ധാർമ്മികത

മന്ത്രി സ്ഥാനത്തിരുന്ന് ഭരണഘടനയെ തള്ളിപ്പറഞ്ഞത് ധാർമ്മികതയ്ക്ക് നിരക്കാത്തതായി . ഭരണകൂടത്തെ വിമർശിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന വാദത്തിന് സ്വീകാര്യത കിട്ടിയില്ല.

■മുഖ്യമന്ത്രിയുടെ നീരസം

ക്ഷണിച്ചു വരുത്തിയ വിവാദമായതിനാൽ മുഖ്യമന്ത്രിക്കും നീരസമുണ്ടായിരുന്നു.

തനിക്ക് ലഭിച്ച പരാതികൾ ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് ഗവർണർ കൈമാറിയത് മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി.

■രാഷ്ട്രീയ നിലപാട്

ഭരണഘടനയെ അവഹേളിക്കുന്നത് ആർ.എസ്.എസാണെന്ന സി.പി.എമ്മിന്റെ നിലപാടിന്

വിരുദ്ധമാണ് പ്രസംഗം

■ജനാധിപത്യ വിരുദ്ധത

ഭരണഘടനാ പദവി വഹിക്കുന്നയാൾ, വാവിട്ട വാക്കിലൂടെ ഭരണഘടനയെ അവഹേളിച്ചത്

ജനാധിപത്യ വിരുദ്ധമായി .