p

കടയ്ക്കാവൂർ: വിളയിൽമൂല മേലെവിള റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. മേലെവിള ഗണപതി ക്ഷേത്രത്തിന് സമീപത്ത് കൂടിപ്പോകുന്ന മെയിൻ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ആറ്റിങ്ങലിൽ നിന്ന് തിനവിള വഴി കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല ഭാഗങ്ങളിൽ പോകുന്ന സർവീസ് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഗവ. ബി.വി.യു.പി സ്കൂളും ഇതിന് അടുത്താണ്. വെള്ളക്കെട്ട് കാരണം ഇവിടെയുള്ള കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് കയറാൻ വളരെ ബുദ്ധിമുട്ടാണ്. കയറിപ്പറ്റിയാൽ കൂടിയും വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം ദേഹത്ത് തെറിക്കുന്ന അവസ്ഥയിലുമാണ്. കുറച്ചുകാലം മുമ്പ് നാട്ടുകാർ റോഡിന്റെ അവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അതിനുശേഷം കുറച്ച് മെറ്റിൽ റോഡിൽ നിരത്തിയതിനാൽ വെള്ളക്കെട്ടിന് കുറച്ച് ശമനമുണ്ടായി. അടുത്തുണ്ടായ ശക്തമായ മഴകളിൽ മെറ്റിൽ ഒഴുകി പോയതിനാൽ വീണ്ടും വെള്ളക്കെട്ട് പഴയതിനേക്കാൾ രൂക്ഷമായി. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.