
വർക്കല: കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കനത്ത മഴയിൽ പാപനാശം കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. പാപനാശം ഹെലിപാഡിൽ നിന്ന് ഏകദേശം 300 മീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന കുന്നിന്റെ നല്ലൊരുഭാഗവും ഇടിഞ്ഞു കടലിലേക്ക് വീഴുകയായിരുന്നു. ഏകദേശം 65 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കുന്നിന്റെ ചില ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെടുകയും അടിവശം ഒന്നാകെ ഇടിഞ്ഞ് വീഴുകയുമായിരുന്നു.
പുലർച്ചെ ആയതിനാൽ തീരത്ത് വിനോദസഞ്ചാരികൾ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുന്നിനോട്ചേർന്നുള്ള നടപ്പാതയും തകർന്നു വീണിട്ടുണ്ട്.
യുനസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾ അപകടഭീഷണി നേരിടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വതമായ പരിഹാരം കാണാൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സൗത്ത് ക്ലിഫ് ഭാഗത്തെ കുന്നിന്റെ നടപ്പാതയോട് ചേർന്നുള്ള ഭാഗമാണ് കഴിഞ്ഞ ദിവസം പുലർച്ചെ തീരത്തേക്ക് ഇടിഞ്ഞുവീണത്. ഇടിഞ്ഞു വീണതിനോട് ചേർന്നുള്ള ഭാഗവും ഏത് നിമിഷവും തകർന്ന് വീഴാം. ഇതോടെ അപകടഭീതിയോടെയാണ് വിനോദസഞ്ചാരികളുടെ ഇത് വഴിയുള്ള യാത്ര.
അധികൃതർ അവഗണിക്കുന്നു
തകർച്ചാഭീഷണി നേരിടുന്ന വർക്കല പാപനാശം കുന്നുകളെ അവഗണിക്കുന്ന നിലപാടാണ് അധികൃതരുടേതെന്ന ആക്ഷേപം ശക്തമാണ്. തിരുവമ്പാടി മുതൽ ബലിമണ്ഡപം വരെയുള്ള ക്ലിഫിന്റെ മിക്ക ഭാഗങ്ങളും തകർച്ചാ ഭീഷണിയിലാണ്. 2013ൽ കുന്ന് വലിയ തോതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്ലിഫ് സന്ദർശിക്കുകയും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സെസ്, ജിയോളജി വകുപ്പ് എന്നിവ സംയുക്തമായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കി
കർണാടകയിലെ ഉള്ളാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ കടൽത്തീരങ്ങൾ സംരക്ഷിച്ച മാതൃകയിലാണ് പാപനാശം കടൽത്തീരവും കുന്നുകളും സംരക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ടൂറിസം വികസന പദ്ധതികൾ ഫലം കാണുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
കാൽനട യാത്രക്കാരുടെ സംരക്ഷണം
കാൽനട യാത്രക്കാർക്ക് കയറും കമ്പുകളും കൊണ്ട് വേലി ഒരുക്കിയും അപായസൂചന നൽകിയും നാട്ടുകാർ നടത്തുന്ന താത്കാലിക പ്രവർത്തനങ്ങൾപോലും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. സഞ്ചാരികൾക്ക് സംരക്ഷണം ഒരുക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.