കിളിമാനൂർ: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ ക്ഷാമം രൂക്ഷം. ഡീസൽ തീർന്നതോടെ കിളിമാനൂർ ഡിപ്പോയിൽ നിന്ന് ഫാസ്റ്റ് സർവീസുൾപ്പെടെ 18 സർവീസുകൾ നിലച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ഡീസൽ ക്ഷാമം നേരിട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.
തിരുവനന്തപുരം,കൊട്ടാരക്കര റൂട്ടിലെ പ്രധാന ഡിപ്പോയാണ് കിളിമാനൂരിലേത്. ഡീസൽ ക്ഷാമം നേരിട്ട ചൊവ്വാഴ്ച രണ്ട് ഫാസ്റ്റ് ബസുകളും 16 ലോക്കൽ സർവീസുകളുമടക്കം 18 സർവീസുകളാണ് മുടങ്ങിയത്. 56 സർവീസുകൾ മാത്രമാണ് ജില്ലയിലെ തന്നെ പ്രധാന ഡിപ്പോയായ ഇവിടെ ഇപ്പോഴുള്ളത്. അതിൽ 42 നും 46നുമകം സർവീസുകൾ മാത്രമാണ് നടത്തുന്നത്. നേരത്തെ 91 സർവീസുകളുണ്ടായിരുന്ന ഡിപ്പോയാണ് കിളിമാനൂർ. റൂറൽ ക്ളസ്റ്റർ മേഖലയിൽ വെഞ്ഞാറമൂട്, കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ ഇന്നലെ സർവീസ് നടന്നിരുന്നു. ചില സർവീസുകൾ ഡീസൽ തീർന്നതിനെ തുടർന്ന് വഴിയിൽ ആളെയിറക്കി മടങ്ങേണ്ട അവസ്ഥയുമുണ്ടായി. ഓപ്പറേറ്റിങ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ജീവനക്കാർ പറയുന്നു.