
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡിതര മെയിന്റനൻസ് ഫണ്ട് വിഹിതവും റോഡ് മെയിന്റനൻസ് ഫണ്ട് വിഹിതവും കഴിഞ്ഞ സാമ്പത്തിക വർഷത്തിന് ആനുപാതികമായി അനുവദിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ആസ്തി വിവര കണക്ക് നൽകിയതിലെ പോരായ്‌മ മൂലം 2022-23 വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് വിഹിതത്തിൽ വ്യതിയാനമുണ്ടായെന്ന പരാതിയെ തുടർന്നാണ് നടപടി. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.ഈ വിഹിതം അനുസരിച്ചുള്ള മെയിന്റനൻസ് ഫണ്ട് പ്രൊജക്ടുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ രൂപം നൽകണമെന്നും ആസ്തി വിവരക്കണക്കിലെ ന്യൂനത പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2022-23 ബഡ്ജറ്റിൽ റോഡ് ഇതര മെയിന്റനൻസ് ഫണ്ട് ആയി 1156.02 കോടിയും റോഡ് മെയിന്റനൻസ് ഫണ്ടായി 1849.63 കോടിയുമാണ് വകയിരുത്തിയത്.