തിരുവനന്തപുരം: മഴ മാറി നിന്ന പകലിൽ കണ്ണുനീർ പൊഴിച്ച് നാടും നഗരവും ഗാന്ധിയൻ പി.ഗോപിനാഥൻ നായർക്ക് വിടച്ചൊല്ലി. 'രഘുപതി രാഘവ രാജാ റാം...', വൈഷ്‌ണവ ജനതോ തേനെ കഹിയോ...' എന്നീ ഗാനങ്ങൾക്ക് നടുവിൽ ഗോപിനാഥൻ നായരുടെ ചലനമറ്റ ശരീരം കണ്ട പലരും വിതുമ്പലടക്കാൻ പാടുപ്പെട്ടു. കേരളത്തിലെ ഗാന്ധിയന്മാരുടെ കാരണവരായ ഗോപിനാഥൻ നായരെ കാണാൻ കുട്ടികൾ മുതൽ വൃദ്ധർ വരെയാണ് വിവിധയിടങ്ങളിൽ ഒത്തുകൂടിയത്. രാവിലെ നിംസ് ആശുപത്രിയിൽ നടന്ന പൊതുദർശനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,നിംസ് ചെയർമാൻ മജീദ് ഖാൻ,നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ,കൗൺസിലർമാരായ കെ.കെ. ഷിബു,എം.എ.സാദത്ത്,കൂട്ടപ്പന മഹേഷ്, ജെ.ജോസ് ഫ്രാങ്ക്ളിൻ, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ്.ശ്രീകാന്ത്, കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, മലയിൻകീഴ് വേണുഗോപാൽ,ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ, വി.എസ്. ഹരീന്ദ്രനാഥ്, കെൽപാം ചെയർമാൻ എസ്.സുരേഷ് കുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. തൈക്കാട് ഗാന്ധി സ്‌മാരക നിധിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നെയ്യാറ്റിൻകരയിലേക്ക് തിരികെയെത്തിച്ചത്. തലസ്ഥാന നഗരത്തിലെ നിരവധി സമരങ്ങളുടെയും സാംസ്കാരിക-സാമൂഹ്യ പ്രവർത്തനങ്ങളുടെയും മുന്നണിപ്പോരാളിയായിരുന്ന ഗോപിനാഥൻ നായർ നിശ്‌ചലനായി നെയ്യാറ്റിൻകരയിലേക്ക് മടങ്ങുന്ന കാഴ്‌ചയ്ക്കു മുന്നിൽ മൂകസാക്ഷികളായി ശിഷ്യർ നിന്നു.

കെ.ആൻസലൻ എം.എൽ.എ ഉൾപ്പെടെ നെയ്യാറ്റിൻകരയിലെ സാമൂഹ്യ-സാം‌സ്‌ക്കാരിക രംഗത്തെ പ്രമുഖർ സ്വദേശാഭിമാനി ടൗൺ ഹാളിന് മുന്നിൽ മൃതദേഹം സ്വീകരിക്കാൻ കാത്തുനിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. നെയ്യാറ്റിൻകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ വിദ്യാർത്ഥികൾ നിരനിരയായി അദ്ദേഹത്തെ കാണാനെത്തിയത് അപൂർവ കാഴ്‌ചയായി. വിശ്വഭാരതി പബ്ലിക്ക് സ്‌കൂൾ,സെന്റ് തെരേസാസ് സ്‌കൂൾ, നെയ്യാറ്റിൻകര ഗവൺമെന്റ് ബോയിസ് ഹയർസെക്കൻഡറി സ്‌കൂൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും അന്ത്യോമോപചാരം അർപ്പിക്കാനെത്തി.നെയ്യാറ്റിൻകരയിലെ വ്യാപാരി സമൂഹം,സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫാറം,വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, ഐ.എം.എ, എൻ.എസ്.എസ് കാട്ടാക്കട-നെയ്യാറ്റിൻകര യൂണിയനുകൾ എന്നീ സംഘടനകൾക്കു വേണ്ടിയും റീത്ത് സമർപ്പിച്ചു.എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയനു വേണ്ടി സെക്രട്ടറി ആവണി ശ്രീകണ്‌ഠൻ,നെയ്യാറ്റിൻകര രാജഗോപാൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.ജനതാദൾ (എസ്) നേതാവ് നീലലോഹിതദാസും അന്ത്യാഞ്ജലിയർപ്പിച്ചു.

നിശ‌ബ്‌ദനായി സൂസപാക്യം

മാനവ മൈത്രിക്കും മതസൗഹാർദ്ദത്തിനുമായി ഒപ്പം കൈപിടിച്ച് നടന്ന ഉറ്റ സുഹൃത്ത് ഇനിയില്ലെന്ന വേദനയോടെയാണ് ലത്തീൻ കത്തോലിക്ക സഭയുടെ മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം നെയ്യാറ്റിൻകര ടൗൺ ഹാളിലേക്കെത്തിയത്.മിനിറ്റുകളോളം ഗോപിനാഥൻ നായരെ നോക്കിനിന്ന സൂസപാക്യം പ്രാർത്ഥനയ്‌ക്ക് ശേഷം അദ്ദേഹത്തിനരികിൽ ഇരുന്നാണ് തിരികെ മടങ്ങിയത്. 'ഹരേ രാമ ഹരേ കൃഷ്‌ണ..' ചൊല്ലി ആർഷ സംസ്‌കാരവേദിയുടെയും ജ്യോതിർഗമയ സദ്‌സംഗ് സമിതിയുടെയും പ്രവർത്തകർ മൃതദേഹത്തിന് ചുറ്റും കൂടി.

തേങ്ങലോടെ നാരായണീയം

ടൗൺ ഹാളിൽ നിന്നും മൃതദേഹം വഹിച്ചുളള വിലാപയാത്ര വൈകിട്ട് മൂന്നരയോടെയാണ് ഗോപിനാഥൻ നായരുടെ വസതിയായ നാരായണീയത്തിൽ എത്തിച്ചേർന്നത്.വിലാപയാത്രയ്ക്ക് മുന്നിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ, ഭാര്യ സരസ്വതിഅമ്മയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. മുൻ മന്ത്രി വി.എസ്. ശിവകുമാർ,കോൺഗ്രസ് നേതാവ് ടി.ശരത്ചന്ദ്ര പ്രസാദ്,സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ എന്നിവരും വീട്ടിലെത്തി.സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിക്ക് ശേഷം അഞ്ച് മണിയോടെ ഗോപിനാഥൻ നായരുടെ സഹോദരൻ പി.രവീന്ദ്രൻ നായർ ചിതയ്ക്ക് തീകൊളുത്തി.വീടിന് മുന്നിൽ നടന്ന സർവമത പ്രാർത്ഥനയിലും നിരവധി പേരാണ് പങ്കെടുത്തത്.