
ഒരു കോടിയോളം രൂപയുടെ നഷ്ടം ആളപായമില്ല
വെഞ്ഞാറമൂട്: വലിയകട്ടയ്‌ക്കൽ വടക്കേവിള ജംഗ്ഷനിലെ രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള രാമു കല്യാണ സ്റ്റോറിൽ വൻ തീപിടിത്തം. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. രണ്ടുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്. കെട്ടിടത്തിനോട് ചേർന്നാണ് ഉടമയുടെ വീട് സ്ഥിതി ചെയ്യുന്നതെങ്കിലും അങ്ങോട്ടേക്ക് തീ പടർന്നിട്ടില്ല. അപകടമുണ്ടായപ്പോൾ രാമചന്ദ്രൻ നായരും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ജോലിക്കാർ വിവിധ സ്ഥലങ്ങളിലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
അന്യസംസ്ഥാനക്കാരനായ ഒരു തൊഴിലാളി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. തീപിടിച്ച കെട്ടിടത്തിന്റെ ഒരുവശത്തായി തുണി കഴുകിക്കൊണ്ടിരുന്ന തൊഴിലാളിയാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഉടമസ്ഥനെ അറിയിച്ചശേഷം തീകെടുത്താൻ നോക്കിയെങ്കിലും നിയന്ത്രണ വിധേയമാക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്ന് 6 യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പടർന്നത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. രാത്രിയിൽ ലൈറ്റ് ഇടാൻ വേണ്ടിയുള്ള ഒരു കണക്‌ഷൻ മാത്രമേ ഈ കെട്ടിടത്തിലുള്ളൂവെന്നാണ് രാമചന്ദ്രൻ നായർ പറയുന്നത്. കെട്ടിടത്തിന്റെ ഇടതുഭാഗത്ത് നിന്നുമാണ് തീ പടർന്ന് തുടങ്ങിയതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കല്യാണ ആവശ്യങ്ങൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും വാടകയ്‌ക്ക് കൊടുക്കുന്ന അലങ്കാര വസ്‌തുക്കൾ, പാത്രങ്ങൾ, വെങ്കല വിളക്കുകൾ, ഫർണിച്ചറുകൾ, കർട്ടനുകൾ, മാറ്റുകൾ എന്നിവയടക്കം ഒരു കോടിയോളം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചെന്ന് ഉടമ പറഞ്ഞു. മുകളിലെ നിലയിലെ റൂഫും പൂർണമായി നശിച്ചു. കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുവന്ന സ്ഥാപനമാണിത്.