തിരുവനന്തപുരം:നേമം റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി ഉപേക്ഷിച്ചതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ്, സെക്രട്ടറി ഡോ.ഷിജൂഖാൻ എന്നിവർ അറിയിച്ചു. തിരുവനന്തപുരത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കേണ്ട പദ്ധതിയാണ്. 2011-12 റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ്. തറക്കല്ലിട്ട പദ്ധതി അട്ടിമറിച്ചതിനെതിരെ ശശി തരൂർ എം.പിയും, അടൂർ പ്രകാശ് എം.പിയും നിശബ്ദത പാലിക്കുകയാണ്. ഇത് ജനവഞ്ചനയാണ്. പദ്ധതി ഉടൻ നടപ്പാക്കണം. ജനവിരുദ്ധമായ കേന്ദ്ര സർക്കാർ നടപടിക്കെതിരെ 11ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും നേമം, നെയ്യാറ്റിൻകര, ധനുവച്ചപുരം,പേട്ട,കഴക്കൂട്ടം, മുരുക്കുംപുഴ,ചിറയിൻകീഴ്, വർക്കല എന്നീ റെയിൽവേ സ്റ്റേഷനുകളിലേക്കും ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തും. ഇതു കഴിഞ്ഞും തുടർ പ്രതിഷേധ പരിപാടികൾ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.