സജി ചെറിയാന്റെ രാജി നിൽക്കക്കള്ളിയില്ലാതെ
സി.പി.എം കേന്ദ്ര നേതൃത്വം ചൂരലെടുത്തു തലവേദനയായി നിയമക്കുരുക്കുകൾ
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടും,
എന്തിന് രാജി വയ്ക്കണമെന്ന പരിഹാസ്യ ചോദ്യവുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ച സജി ചെറിയാൻ
ഗത്യന്തരമില്ലാതെ മന്ത്രി സ്ഥാനം രാജിവച്ചു മടങ്ങി. ഇന്നലെ രാവിലെ ചേർന്ന സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷവും, രാജിയില്ലെന്ന് പരസ്യമായി പറഞ്ഞ സജി ചെറിയാന്റെ വൈകിട്ടത്തെ കീഴടങ്ങലിന് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റ കർശന നിലപാടും, വരിഞ്ഞുമുറുക്കാനിടയുള്ള നിയമക്കുരുക്കുകളും കാരണമായി.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഒരു വർഷവും ഒന്നര മാസവും പൂർത്തിയാകുമ്പോഴാണ് മന്ത്രിസഭയിൽ നിന്നുള്ള ആദ്യത്തെ രാജി. രാജിക്കത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആറേകാലിന് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മീഡിയ റൂമിൽ വിളിച്ച വാർത്താസമ്മേളനത്തിൽ രാജിക്കാര്യം സജി ചെറിയാൻ അറിയിച്ചു. സ്വന്തം തീരുമാനപ്രകാരമാണ് രാജിയെന്നും, താൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജിക്കത്ത് മുഖ്യമന്ത്രി ഉടൻ രാജ്ഭവനിലേക്ക് കൈമാറി. രാജിക്കത്തിൽ ഒപ്പ് വച്ചതായി,തിരുപ്പതിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാത്രിയോടെ ട്വീറ്റ് ചെയ്തു. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന മത്സ്യബന്ധന, സാംസ്കാരിക, യുവജനക്ഷേമ വകുപ്പുകൾ തൽക്കാലം മുഖ്യമന്ത്രി ഏറ്റെടുക്കും.
വിവാദ പ്രസംഗം സംബന്ധിച്ച പരാതികളിൽ ഗവർണർ തീരുമാനം മുഖ്യമന്ത്രിക്ക്
വിട്ടത് മുഖ്യമന്ത്രിയെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിരുന്നു. അഡ്വക്കേറ്റ് ജനറൽ
മുഖ്യമന്ത്രിക്ക് നൽകിയ നിയമോപദേശവും നിയമക്കുരുക്കുകളിലേക്ക് വിരൽ ചൂണ്ടുന്നതായി.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ നിയമസഭ സ്തംഭിപ്പിച്ച യു.ഡി.എഫും, പ്രക്ഷോഭ രംഗത്തുള്ള ബി.ജെ.പിയും നിയമ വഴികൾ തേടുമെന്ന സൂചനകളും ശക്തമായി.
പിരിമുറുക്കത്തിന്റെ
മണിക്കൂറുകൾ
വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ളിപ്പിംഗ് സി.പി.എം കേന്ദ്ര നേതൃത്വം ഇന്നലെ രാവിലെ വിളിച്ചു വരുത്തി പരിശോധിച്ചു. നാക്കുപിഴയാണെന്ന് വിശദീകരിച്ച് വിവാദം മയപ്പെടുത്താനാണ് കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കൾ ശ്രമിച്ചതെങ്കിലും, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത നിലപാടെടുത്തു.
രാവിലെ പി.ബി അംഗങ്ങളടക്കമുള്ള മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എ.കെ.ജി സെന്ററിൽ ചർച്ചനടത്തി. സജി ചെറിയാൻ അനവസരത്തിൽ വിവാദത്തിന് വഴിവച്ചതായി വിമർശനമുയർന്നു. രാജി ഏത് നിമിഷവുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. വൈകിട്ട് സജി ചെറിയാനും പങ്കെടുത്ത മന്ത്രിസഭായോഗത്തിൽ രാജി സൂചനകളുണ്ടായില്ല. പിന്നാലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഇരുവരും കൂടിക്കാഴ്ച നടത്തി. തൽക്കാലം മാറി നിൽക്കുന്നതാണ് നല്ലതെന്ന സൂചന മുഖ്യമന്ത്രി നൽകി.
തിരുവല്ല കോടതി
കേസെടുത്തു
സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ കൊച്ചിയിലെ അഭിഭാഷകന്റെ പരാതിയിൽ
ഇന്നലെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസെടുത്തതും വഴിത്തിരിവായി. ഭരണഘടനയെ
അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനവും ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷം
ഉയർത്തിക്കഴിഞ്ഞു. ഇക്കാര്യത്തിൽ നിയമ നടപടികളിലേക്ക് നീങ്ങാനാണ് ശ്രമം.
സജി ചെറിയാൻ ഞായറാഴ്ച മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗം ചൊവ്വാഴ്ച പാർട്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഫേസ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത് പത്തനംതിട്ടയിലെ സി.പി.എം നേതൃത്വത്തിലെ വിഭാഗീയതയുടെ ഭാഗമായും അതിനിടെ വ്യാഖ്യാനിക്കപ്പെട്ടു.
ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു പ്രസംഗത്തിലെ ചിലഭാഗങ്ങൾ അടർത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണ്. ഇത് തന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാൻ പാടില്ലാത്തതിനാൽ സ്വന്തം തീരുമാനപ്രകാരം രാജിവയ്ക്കുന്നു.
- സജി ചെറിയാൻ
ഭരണഘടനയോടു കൂറും വിധേയത്വവും പുലർത്തുമെന്നാണ് എം.എൽ.എ പദവിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതും ലംഘിക്കപ്പെട്ടു. പരാതിയുള്ളവർക്ക് ഇതിനെതിരെ കേസു നൽകാം. ക്രിമിനൽ നിയമപ്രകാരം കേസുകൾ ഒന്നായി വിചാരണ നടത്തി കുറ്റം സ്ഥാപിച്ചാൽ എം.എൽ.എ പദവി കോടതിക്ക് അസ്ഥിരപ്പെടുത്താം.
-അഡ്വ.എ.ജയശങ്കർ