തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആവശ്യമായ പാറ ലഭ്യമാക്കാൻ നെയ്യാർ - പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരം. ആര്യനാട് പഞ്ചായത്തിലെ 15 ഏക്കറോളം വരുന്ന സർക്കാർ ഭൂമിയിലാണ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയത്. പേപ്പാറ വന്യജീവി സങ്കേതത്തിൽ നിന്ന് 5.12 കിലോമീറ്ററും നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്ന് 6.76 കിലോമീറ്ററും ആകാശ ദൂരത്തിലാണ് നിർദിഷ്ട ക്വാറി പ്രദേശം സ്ഥിതി ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കൊക്കോട്ടേലയിലെ മൈലമൂട് സർക്കാർ ഭൂമിയിലടക്കം വിവിധ സ്ഥലങ്ങൾ ക്വാറിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ അപേക്ഷയായി നൽകിയിരുന്നു. അനുമതി ലഭിച്ച പാറ ഏതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പേപ്പാറ, നെയ്യാർ വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും 70.9ചതുരശ്ര കിലോമീറ്റർ കേന്ദ്ര സർക്കാർ മാർച്ചിൽ പുറപ്പെടുവിച്ച നിർദിഷ്ട പരിസ്ഥിതി ലോല മേഖലയുടെ കരടു വിജ്ഞാപന പ്രദേശത്തിന് വെളിയിലാണ് ക്വാറിയുടെ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
ഇതുകൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി വേറെ നാല് ക്വാറികൾ കൂടി തുറമുഖ നിർമ്മാണത്തിന് പാറ എത്തിക്കാനായി തുടങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതിൽ രണ്ട് ക്വാറികളിലെ മുഴുവൻ പാറയും അദാനി ഗ്രൂപ്പിന് വേണ്ടിയും മൂന്നെണ്ണത്തിൽ നിന്ന് 50 ശതമാനം പാറ അദാനി ഗ്രൂപ്പിനും നൽകണമെന്നാണ് വ്യവസ്ഥ.
പുലിമുട്ട് നിർമ്മാണം തീരാത്തതിനാൽ തുറമുഖത്തിന്റെ മറ്റുജോലികളൊന്നും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പുലിമുട്ടിന് മാത്രം 68.70 ലക്ഷം ടൺ കരിങ്കല്ല് വേണം. ഇതിൽ 13.36 ലക്ഷം ടൺ തമിഴ്‌നാട്ടിൽ നിന്നാണ് എത്തിച്ചത്.3100 മീറ്റർ പുലിമുട്ട് നിർമ്മിക്കാനുള്ള സ്ഥാനത്ത് 1350 മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.