saji

തിരുവനന്തപുരം: സജി ചെറിയാന്റെ രാജിയോടെ, വലിയൊരു പ്രതിസന്ധിയിൽ നിന്ന് താൽക്കാലികമായെങ്കിലും തലയൂരാനായതിന്റെ ആശ്വാസത്തിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. ഭരണഘടനയെ സി.പി.എമ്മിന്റെ മന്ത്രി അധിക്ഷേപിച്ചെന്ന പഴി ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും പ്രതിച്ഛായയെ ബാധിക്കുന്ന നിലയായതോടെ സജി ചെറിയാന്റെ രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. മന്ത്രിസഭയിൽ നിന്ന് ഒരു രാജിയുണ്ടായത് യു.ഡി.എഫിന് രാഷ്ട്രീയവീര്യം പകരുകയും ചെയ്തു. പ്രത്യേകിച്ച് തൃക്കാക്കരയിലെ വിജയത്തിളക്കത്തിൽ ആവേശത്തിൽ നിൽക്കുമ്പോൾ.

സജി ചെറിയാൻ തുടരുന്നതിലെ അതൃപ്തി സി.പി.ഐ അടക്കമുള്ള ഘടകക്ഷികളിൽ ശക്തമായിരുന്നു. ഭരണഘടനാ സംരക്ഷണത്തിനായി സി.പി.എം ദേശീയതലത്തിൽ മുന്നിൽ നിൽക്കുമ്പോൾ, ഭരണഘടനയെ പൊതുയോഗത്തിൽ പരസ്യമായി അധിക്ഷേപിച്ചത് പാർട്ടിക്കും ഇടതുപക്ഷത്തിനും വലിയ ക്ഷീണം വരുത്തുമായിരുന്നു.

സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ ഡൽഹിയിൽ ഉചിതമായ തീരുമാനം ഉചിതസമയത്തുണ്ടാകുമെന്ന് വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്. ദേശീയനേതൃത്വം സംസ്ഥാന നേതൃത്വവുമായി നടത്തിയ കൂടിയാലോചനയിലും രാജിയാണുചിതമെന്ന് വിലയിരുത്തി. രാവിലെ എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പി.ബിയംഗങ്ങൾ കൂടിയാലോചന നടത്തി രാജിക്കാര്യം തീരുമാനിച്ചു. പിന്നീട് സജി ചെറിയാനടക്കമുള്ളവർ പങ്കെടുത്ത അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനം എല്ലാവരുമുയർത്തി. ബ്രിട്ടീഷുകാരുടെ പേര് പറഞ്ഞ് ഭരണഘടനാശില്പികൾക്കെതിരെ നടത്തിയ അധിക്ഷേപം പാടില്ലായിരുന്നുവെന്ന് തുറന്നടിച്ചു.

മന്ത്രിക്ക് രാജി വേണ്ടിവരുമെന്ന സൂചന നൽകിയെങ്കിലും അത് പാർട്ടി തീരുമാനമെന്ന നിലയ്ക്കാവാതെ മന്ത്രി സ്വമേധയാ കൈക്കൊണ്ട തീരുമാനമായി വരട്ടെയെന്ന ധാരണയാണുണ്ടായത്. മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനോടും മറ്റും നിയമോപദേശം തേടിയിരുന്നു. രാജിയാകും നല്ലതെന്ന നിഗമനത്തിലാണ് നേതൃത്വമാകെ എത്തിയത്. മന്ത്രിയുടെ സ്വന്തം തീരുമാനമെന്ന നിലയിൽ അവതരിപ്പിക്കാനുള്ള നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ വാർത്താസമ്മേളനം നടത്തിയത്. ഇക്കഴിഞ്ഞ സി.പി.എമ്മിന്റെ കൊച്ചി സമ്മേളനത്തിൽ സംസ്ഥാനസെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് സജി ചെറിയാൻ.

സജി ചെറിയാന്റെ നിയമസഭാംഗത്വത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ടെങ്കിലും കോടതിനടപടികളെ ആശ്രയിച്ചിരിക്കും ഇതിന്റെ ഭാവി.

ഇന്നലെ നിയമസഭയിൽ വിഷയമുന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാതിരുന്നതും ഇടതുമുന്നണിയുടെ രാഷ്ട്രീയതന്ത്രമായിരുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അടിയന്തരപ്രമേയമായി കൊണ്ടുവന്ന് സഭാരേഖകളിൽ വിഷയമെത്തിക്കാനുള്ള പ്രതിപക്ഷ തന്ത്രമാണ് പാളിപ്പോയത്. ചോദ്യോത്തരവേള ബഹിഷ്കരിച്ച് ശൂന്യവേളയിൽ വിഷയമുയർത്താനുള്ള അവരുടെ നീക്കം പൊളിച്ചത് ചോദ്യോത്തരവേളയിൽ തന്നെ ശൂന്യവേളയടക്കം റദ്ദാക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഇടപെടലുണ്ടായതോടെയാണ്. ഇതിലുള്ള പ്രതിഷേധം പ്രതിപക്ഷം സ്പീക്കറെ അറിയിച്ചു.

വിമർശിച്ചത് ദുർവ്യാഖ്യാനം ചെയ്തു:സജി ചെറിയാൻ

തിരുവനന്തപുരം: ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ താനുദ്ദേശിച്ചിട്ടില്ലെന്ന് രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളെയുമാണ് വിമർശിച്ചത്. തന്റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ല. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തിമാറ്റിയാണ് ദുഷ്പ്രചാരണം നടത്തുന്നത്. ഇത് സി.പി.എമ്മും ഇടതുപക്ഷ സർക്കാരും ഉയർത്തിപ്പിടിക്കുന്ന സമീപനങ്ങളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഭരണഘടന ഇന്ന് നേരിടുന്ന അസാധാരണമായ വെല്ലുവിളികൾക്കെതിരെ അതിശക്തമായ പ്രതിരോധം തീർക്കാനുള്ള പ്രയത്നത്തിലാണ് തന്റെ പ്രസ്ഥാനം. നിയമപരവും രാഷ്ട്രീയവുമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമകരമായ പ്രയത്നത്തിലേർപ്പെട്ടിരിക്കുകയാണ് പ്രസ്ഥാനം. ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമായി ഏറ്റെടുത്തവരാണ് സി.പി.എമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏഴര ദശാബ്ദക്കാലയളവിൽ പല ഘട്ടങ്ങളിലും ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും മാത്രമല്ല സാമ്പത്തിക നീതിക്കായുള്ള ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെട്ടു. ഈ ഘട്ടങ്ങളിലെല്ലാം ഇത്തരം നീക്കങ്ങളെ ചെറുക്കുന്നതിൽ താനുൾപ്പെടുന്ന പ്രസ്ഥാനം അഭിമാനാർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. കോൺഗ്രസും ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പിയും ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിൽ പല ഘട്ടങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് വ്യാപകമായി നടപ്പാക്കി. മതനിരപേക്ഷ മൂല്യങ്ങൾ ഇപ്പോൾ നേരിടുന്ന വെല്ലുവിളി വളരെ കടുത്തതാണ്. ഇതൊക്കെ ഉൾപ്പെടുന്ന വിമർശനമാണ് തന്റേതായ ഭാഷയിലുന്നയിച്ചത്. അതാണ് തെറ്റായി എതിരാളികൾ വ്യാഖ്യാനിച്ച തെന്ന് സജിചെറിയാൻ വ്യക്തമാക്കി.