
കേരളകൗമുദി വാർത്തയെ തുടർന്ന് മുൻകാലപ്രാബല്യത്തോടെ ഉത്തരവിറക്കി
അസി.റവന്യൂ ഓഫീസറുടെ ചുമതല ഫോർട്ട് സോണലിലെ ഉദ്യോഗസ്ഥനും നൽകില്ല
തിരുവനന്തപുരം : കോർപ്പറേഷൻ ആസ്ഥാനത്ത് ആഴ്ചകളായി ഒഴിഞ്ഞുകിടന്ന റവന്യൂ ഓഫീസറുടെ കസേരയിൽ ഉദ്യോഗസ്ഥനെത്തി. അസി.റവന്യൂ ഓഫീസറായിരുന്ന സന്തോഷ് കുമാറിനെ കഴിഞ്ഞമാസം 26 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമിച്ച് ഇന്നലെ അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കി.ഒഴിവുവന്ന റവന്യൂ ഓഫീസർ തസ്തികയിലേക്ക് നിയമിക്കാൻ അസി.റവന്യൂ ഓഫീസർക്ക് നഗരകാര്യ ഡയറക്ടർ സ്ഥാനക്കയറ്റം നൽകി ഉത്തരവായെങ്കിലും സംഘടനാ നേതാക്കളുടെ അനിഷ്ടം കാരണം നിയമനം നൽകാത്ത കോർപ്പറേഷന്റെ നടപടി കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ തദ്ദേശവകുപ്പിൽ നിന്ന് ഇടപെടലുണ്ടായതോടെ വിഷയം വഷളായി. സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് മനസിലാക്കി എതിർപ്പുകൾ താത്കാലികമായി ശമിച്ചു. ഇതോടെയാണ് ഉത്തരവിറങ്ങിയത്. സംഘടനാ നേതാക്കൾക്ക് താത്പര്യമില്ലാത്ത സന്തോഷ് കുമാറിനെ നിയമിക്കാതെ പകരം അക്കൗണ്ട് ഓഫീസറായ ജയകുമാറിന് റവന്യൂ ഓഫീസറുടെ ചുമതല നൽകുകയായിരുന്നു. സന്തോഷിന് കസേര നൽകാതെ നിറുത്തിയ ശേഷം പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷന് പുറത്തേക്ക് നിയമിക്കാനായിരുന്നു നീക്കം.എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ മുൻകാലപ്രാബല്യത്തോടെ ഉത്തരവിറക്കി കോർപറേഷൻ തടിയൂരി.സന്തോഷ് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ അസി.റവന്യൂ ഓഫീസറുടെ ചുമതല ഫോർട്ട് സോണലിനെ ചാർജ് ഓഫീസറായ വിജയകുമാറിന് നൽകിയ നടപടി വിവാദമായതോടെ അതും കോർപ്പറേഷൻ തിരുത്തി.റവന്യൂ പോപ്പർട്ടി സൂപ്രണ്ട് 1 ഷാജിത കൃഷ്ണനാണ് അസി.റവന്യു ഓഫീസറുടെ ചുമതല. റവന്യൂ ഓഫീസർ തസ്തികയിലേക്ക് നിയമിക്കാൻ യോഗ്യനായ ഉദ്യോഗസ്ഥനുണ്ടായിട്ടും അതിന് തയ്യാറാകാത്ത സുപ്രധാന വിഭാഗത്തിന് നാഥനില്ലാത്ത അവസ്ഥയാക്കി മാറ്റുന്നത് ജനങ്ങളെ വലയ്ക്കുന്ന സ്ഥിതിയായിരുന്നു.നിരവധി ഫയലുകളാണ് റവന്യു ഓഫീസർക്ക് മുൻപാകെ കെട്ടികിടക്കുന്നത്.ഫയൽ തീർപ്പാക്കാൻ ഇക്കഴിഞ്ഞ ഞായറാഴ്ച ഓഫീസുകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും കോർപ്പറേഷൻ ആസ്ഥാത്തെ റവന്യു ഓഫീസർക്ക് മുന്നിലെ ഫയലുകൾക്ക് കാര്യമായ ചലനമുണ്ടായില്ല.