സത്യത്തി​ൽ നാം രാമായണത്തി​നുള്ളി​ലേക്ക് മനസ് കൊണ്ടു പ്രവേശി​ക്കാൻ തുടങ്ങുന്നത് അതു പാരായണം ചെയ്ത് മടക്കി​വയ്ക്കുമ്പോഴാണ്. അപ്പോഴാണ് വാല്മീകി​യുടെ സീതയും എഴുത്തച്ഛന്റെ സീതയും കുമാരനാശാന്റെ ചി​ന്താവി​ഷ്ടയായ സീതയും നമുക്ക് ദർശനമേകുന്നത്

rama

മനുഷ്യജന്മമെടുത്ത എല്ലാവരും രാമായണം കണ്ടിരിക്കണമെന്നില്ല. വായിച്ചിരിക്കണമെന്നുമില്ല. പക്ഷെ ഒരിക്കലെങ്കിലും അതിലൂടെ കടന്നുപോകാതിരിക്കാനാകില്ല. കാരണം കണ്ണീർതുടയ്ക്കാതെയോ കണ്ണീർചിരിയിൽ വീണു ചിതറാതെയോ നമുക്കെങ്ങനെ ജീവിക്കാനാകും? ഋഷികവിയായ വാല്മീകിയുടെ ഹൃദയത്തിൽ പൊടിഞ്ഞ കണ്ണീർ രാമായണമായി. ആ കണ്ണീരിന്റെ ചൂടും താക്കീതും ഒരിക്കലും ശമിക്കുന്നില്ല. അശാന്തിയുടെ അമ്പെയ്യുന്ന നിഷാദന്മാർ പുതിയ ആയുധങ്ങളായി, യുദ്ധമുഖങ്ങളായി, കലാപങ്ങളായി അവതരിക്കുന്നതുവരെ ആദികാവ്യത്തിലെ 'അരുതേ"യെന്ന താക്കീത് മുഴങ്ങിക്കൊണ്ടിരിക്കും. തുഞ്ചത്തെഴുത്തച്ഛന്റെ ശാരികപ്പൈതൽ പാടിക്കൊണ്ടിരിക്കും. വിവിധ രാജ്യങ്ങളിൽ ,വിവിധ ഭാഷകളിൽ ,കലാരൂപങ്ങളായി പടർന്ന രാമായണം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.

രാമായണത്തിലെ ഏതെങ്കിലും മുഹൂർത്തത്തെയോ കഥാപാത്രത്തെയോ ജീവിതത്തിൽ നാം നിത്യവും കാണുന്നു. അല്ലെങ്കിൽ അനുഭവിക്കുന്നു. കാരണം നമ്മുടെയെല്ലാം ഹൃദയമിടിപ്പിലുണ്ട് രാമായണം. കടന്നുപോയതും കടന്നുപോകുന്നതും വരാനിരിക്കുന്നതുമെല്ലാം രാമായണം തന്നെ. കാരണം കാലത്തിന്റെ അതിസൂക്ഷ്മ സ്പന്ദനമല്ലേ നമ്മുടെ ഹൃദയമിടിപ്പ്. അത് ശരീരത്തിൽ പ്രകൃതി സമ്മാനിച്ച ജീവന്റെ നാഴികമണി. അതു നിലയ്ക്കുവോളമാണല്ലോ മനുഷ്യജീവിതസഞ്ചാരവും. രാമായണം സഞ്ചാരങ്ങളുടെ സമാഹാരമെന്ന് നിരീക്ഷിച്ചവരുണ്ട്. ഭൂമിയിലൂടെ സഞ്ചരിക്കുന്നവരും പാതാളസഞ്ചാരികളും സ്വർഗസഞ്ചാരികളും രാമായണത്തിലുണ്ട്.

എത്രയെത്ര കിളികളാണ് രാമായണത്തിലൂടെ പറക്കുന്നത്. രാമായണപ്പിറവിതന്നെ കിളിനൊമ്പരത്തിൽ. ജടായുവും സമ്പാതിയും പറന്നുനടന്ന പർവതങ്ങളും ഔഷധപർവതവുമായി പറക്കുന്ന ഹനുമാനും നമ്മുടെ മനസുരുമ്മിപ്പോകുന്നു.

മനുഷ്യമനസിൽ നടക്കുന്ന കരയുദ്ധവും കടൽയുദ്ധവും ആകാശയുദ്ധവും രാമായണം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ചെറുതും വലുതുമായ ദുഃഖങ്ങൾ തിരയടിക്കുന്ന സാഗരം തരണം ചെയ്യാൻ മൺചിറ കെട്ടുന്നതും നിത്യജീവിതത്തിൽ നാം അനുഭവിക്കുന്നു. വായുവിനെ വെല്ലുന്ന വേഗമുള്ള ഹനുമാനും എളിമയോടെ മൺചിറ കെട്ടാൻ ഒത്തൊരുമിക്കുന്ന അണ്ണാറക്കണ്ണന്മാരും നമുക്ക് അനുഭവങ്ങളാൽ സുപരിചിതർ.

കൈയെത്തും ദൂരത്തെത്തുന്ന അഭിഷേക മുഹൂർത്തങ്ങൾ വിച്ഛിന്നമാകുന്നു. ഏറ്റവും പ്രിയപ്പെട്ടവർ തന്നെ ക്രൂരമായി വേദനിപ്പിക്കുന്നു. താങ്ങും തണലുമായി നിൽക്കുമെന്ന് കരുതിയിരുന്നവർ സാഹചര്യങ്ങളുടെ പരിമിതിയിൽ അതിനു കൂട്ടുനിൽക്കുന്നു. ഇതെല്ലാം എത്രയോവട്ടം സഹിക്കേണ്ടിവരുന്നു. മോഹിക്കുന്നതിനും പ്രതീക്ഷിക്കുന്നതിനും വിരുദ്ധമായതെല്ലാമല്ലേ കാനനവാസം. അപവാദങ്ങളും ആരോപണങ്ങളും സീതയ്ക്കും ശ്രീരാമനുമെന്നപോലെ എത്രയോവട്ടം അഭിമുഖീകരിക്കേണ്ടിവരുന്നു. അഗ്നിപരീക്ഷകളെന്നാൽ പൊള്ളുന്ന പ്രതിസന്ധികളല്ലേ.

നിത്യജീവിതത്തിൽ നാമെത്രയോ തവണ ത്രിശങ്കുവിനെയും ത്രിശങ്കു സ്വർഗത്തെയും കാണുന്നു. രാമായണത്തിലെ ത്രിശങ്കുവിന് നമ്മുടെ പേരും പ്രായവും ഹൃദയവും നൽകി നോക്കൂ. അതു മറ്റൊരാളല്ലെന്ന് നമുക്ക് തിരിച്ചറിയാനാകും.

രാമായണത്തിലെ ത്രിശങ്കു ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ്. ഉത്തമമായ യജ്ഞം ചെയ്യണമെന്നും ഉടലോടെ സ്വർഗം പ്രാപിക്കണമെന്നും അദ്ദേഹം ആശിച്ചു. രാജവംശാചാര്യനായ വസിഷ്ഠമഹർഷി​യെ ആഗ്രഹം അറി​യിച്ചെങ്കി​ലും അസാദ്ധ്യമെന്നായി​രുന്നു മറുപടി​. വസി​ഷ്ഠപുത്രന്മാരായ മഹർഷി​മാരെ സമീപി​ച്ചെങ്കി​ലും അവരും കൈക്കൊണ്ടി​ല്ല. മാത്രമല്ല നീ ഒരു ചണ്ഡാളനാകട്ടെ എന്ന് ഒരു മഹർഷി​

ശപി​ക്കുകയും ചെയ്തു. നി​രാശയുടെ ഇരുട്ടി​ൽ ഉറങ്ങി​യ ത്രി​ശങ്കു മറ്റൊരു രൂപത്തി​ലാണ് ഉണർന്നത്. കറുകറുത്ത നി​റം. കറുത്ത വസ്ത്രം. ചപ്പി​യ തലമുടി​, ശ്മശാന മാലകൾ, കാരി​രുമ്പി​ലുള്ള ആഭരണങ്ങൾ. മുനി​ശാപം ഫലി​ച്ചെന്ന് ത്രി​ശങ്കുവി​നു തോന്നി​. ഇങ്ങനെ ചണ്ഡാളവേഷത്തി​ൽ വി​ശ്വാമി​ത്ര മഹർഷി​യെ സമീപി​ച്ചു. മുൻശുണ്ഠി​യും അമി​ത പ്രശംസാപ്രണയവുമുണ്ട് മഹർഷി​ക്ക്. അത് ത്രി​ശങ്കു മുതലാക്കി​. വി​ശ്വാമി​ത്ര മഹർഷി​ എല്ലാം കേട്ടി​ട്ട് അഭയമേകി​. മുനി​​ ശാപം കൊണ്ട് സി​ദ്ധി​ച്ച ഈ വി​കൃതരൂപത്തി​ൽത്തന്നെ സ്വർഗത്തി​ലേക്ക് പ്രവേശി​പ്പി​ക്കാം എന്ന് ഉറപ്പ് നൽകി​. വി​ശ്വാമി​ത്രന്റെ കാര്യസാദ്ധ്യയജ്ഞത്തി​ന് ഭയം കൊണ്ട് പല മുനി​മാർക്കും പങ്കെടുക്കേണ്ടി​വന്നു.

വി​ശ്വാമി​ത്രൻ തപസി​ലൂടെ സമ്പാദി​ച്ച ശക്തി​യാൽ ത്രി​ശങ്കു സ്വർഗത്തി​ലേക്ക് ഉയരാൻ തുടങ്ങി​. തന്റെ സാമ്രാജ്യത്തോടടുക്കുന്ന ത്രി​ശങ്കുവി​നെ കണ്ട് ഇന്ദ്രന് സഹി​ച്ചി​ല്ല. നീ സ്വർഗലോക വാസത്തി​ന് യോഗ്യനല്ല. മടങ്ങി​പ്പോകൂ, തലകീഴായി​ ഭൂമി​യി​ൽ പതി​ക്കട്ടെ എന്ന് ഇന്ദ്രൻ കല്പി​ച്ചു. അതോടെ ത്രി​ശങ്കു താഴോട്ട് നീങ്ങാൻ തുടങ്ങി​. രക്ഷി​ക്കണേ രക്ഷിക്കണേ എന്ന് ത്രി​ശങ്കു വി​ലപി​ച്ചു. കോപ പാരമ്യത്തി​ലെത്തി​യ വി​ശ്വാമി​ത്രൻ ഇപ്പോഴുള്ള സ്ഥലത്ത് നി​ൽക്കാൻ ആജ്ഞാപി​ച്ചു. തപോബലത്താൽ മറ്റൊരു നക്ഷത്ര മണ്ഡലവും സ്വർഗവും സൃഷ്ടി​ച്ചു. ത്രി​ശങ്കു അങ്ങനെ ഭൂമി​ക്കും സ്വർഗത്തി​നുമി​ടയ്ക്ക് നി​ല്പായി​. അരി​ശംകൊണ്ട് വി​ശ്വാമി​ത്രൻ മറ്റൊരു ഇന്ദ്രനെയും ദേവന്മാരെയും സൃഷ്ടി​ക്കാനൊരുങ്ങി​യപ്പോൾ പരി​ഭ്രാന്തരായ മഹർഷി​ശ്രേഷ്ഠന്മാരും കി​ന്നരന്മാരും, മഹായക്ഷന്മാരും വി​ശ്വാമി​ത്രന്റെ കോപം അപേക്ഷയും പ്രാർത്ഥനയും കൊണ്ട് തണുപ്പി​ച്ചു. ശാന്തനായ വി​ശ്വാമി​ത്രൻ പറഞ്ഞു: ത്രി​ശങ്കുവി​നെ ഉടലോടെ സ്വർഗത്തി​ലേക്ക് കയറ്റാമെന്ന് ഞാൻ വാക്കുപറഞ്ഞുപോയി​. അതു ഒരി​ക്കലും തെറ്റി​ല്ല. ഞാൻ സൃഷ്ടി​ച്ച നക്ഷത്രമാലകളോടു കൂടി​യ ഈ വാനി​ടത്തി​ൽ ഉടലോടുകൂടി​യ ത്രിശങ്കു യഥേഷ്ടം വാഴട്ടെ. ദേവന്മാർക്കും ആ വാക്കുകൾ സ്വീകാര്യമായി​. അങ്ങനെ ജ്യോതി​ശ്‌ചക്രവാളത്തി​നപ്പുറത്ത് അനേകായി​രം താരങ്ങളോടുകൂടി​യ ലോകത്ത് മി​ന്നി​ത്തി​ളങ്ങുന്ന നക്ഷത്രങ്ങളി​ലൊന്നായി​ തലകീഴായി​ ത്രി​ശങ്കുവും വാണരുളുമെന്ന് രാമായണകഥാ മുഹൂർത്തം. ഇതി​ലെ ഐതി​ഹ്യ പരി​വേഷമെല്ലാം മാറ്റി​യാൽ പല കർമ്മങ്ങളി​ലും നി​മി​ഷങ്ങളി​ലും നാം ത്രി​ശങ്കുവി​ന്റെ നി​സഹായത അനുഭവി​ക്കുന്നി​ല്ലേ. അതാണ് ആദി​മുതൽ അന്ത്യം വരെയുള്ള മനുഷ്യജീവി​താവസ്ഥയും. രാമായണം ആദി​മഹാകാവ്യമെന്നതി​നപ്പുറം അനുഭവരാജകീയതയും ജനകീയതയും ഒത്തുചേരുന്ന ഹൃദയ കാവ്യമാകുന്നതും അതുകൊണ്ടാണ്.

സത്യത്തി​ൽ നാം രാമായണത്തി​നുള്ളി​ലേക്ക് മനസ് കൊണ്ടു പ്രവേശി​ക്കാൻ തുടങ്ങുന്നത് അതു പാരായണം ചെയ്ത് മടക്കി​വയ്ക്കുമ്പോഴാണ്. അപ്പോഴാണ് വാല്മീകി​യുടെ സീതയും എഴുത്തച്ഛന്റെ സീതയും കുമാരനാശാന്റെ ചി​ന്താവി​ഷ്ടയായ സീതയും നമുക്ക് ദർശനമേകുന്നത്.