തിരുവനന്തപുരം:വിവിധ കാർഷിക ഉത്പന്നങ്ങൾ ഒരു കുടകീഴിൽ ലഭ്യമാക്കി അരുവിക്കര ഗ്രാമ പഞ്ചായത്തിൽ ഒരുക്കിയ ഞാറ്റുവേല ചന്ത ശ്രദ്ധേയമായി.അരുവിക്കര കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിലാൽ വി. ആർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയകുട്ടി സി, പഞ്ചായത്ത് അംഗങ്ങൾ, അരുവിക്കര കൃഷി ഓഫീസർ പ്രശാന്ത് ബി തുടങ്ങിയവർ പങ്കെടുത്തു.

ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ, പഴവർഗങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര ചെടികൾ എന്നിവ വിൽപ്പനയ്ക്കായി എത്തിച്ചു.പഞ്ചായത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച തിലോപ്പിയ, ആസാം വാള തുടങ്ങിയ മത്സ്യങ്ങളും പയർ, മുരിങ്ങ, കാന്താരി മുളക്, തൊണ്ടൻ മുളക്, കത്തിരി, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ പച്ചക്കറിയിനങ്ങളും പാളയംകോടൻ, കപ്പ, ഏത്തൻ തുടങ്ങിയവയും വിൽപ്പന നടത്തി.