
ആറ്റിങ്ങൽ: സംസ്ഥാനത്തെ 15000 സ്കൂളുകളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്കൂൾ വിക്കി പോർട്ടലിൽ മികച്ച താളുകൾ തയ്യാറാക്കിയ സ്കൂളിനുള്ള പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ നേടി. തിരുവന്തപുരം ജില്ലാ തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂൾ നേടിയത്. കാഷ് അവാർഡ്, ശില്പം, പ്രശംസാ പത്രം എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം. നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു.
സ്പീക്കർ എം.ബി. രാജേഷ്, മന്ത്രി ആന്റണി രാജു, ഡി.ജി.ഇ കെ.ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. സ്കൂളിന് വേണ്ടി എസ്.എം.സി ചെയർമാൻ കെ.ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് ടി.എൽ. പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അദ്ധ്യാപിക സി.എം. ബീന, ലിറ്റിൽ കൈറ്റ് അംഗങ്ങളായ കുട്ടികൾ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.