
കാട്ടാക്കട: അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച കാട്ടാക്കട കോടതി മന്ദിരത്തിന്റെ പണികൾ ഇഴയുന്നു. ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടായിട്ടുകൂടി പണി വൈകിപ്പിക്കുന്നതിൽ ശക്തമായ പ്രതിഷേധമുണ്ട്. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്ടിൽ കോടതി കെട്ടിടത്തിന്റെ ഒന്നാം ഘട്ടത്തിലെ പൈലിംഗ് ജോലികൾ പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. അടുത്തഘട്ട ജോലികൾ നിലച്ചതോടെ സ്ഥലം പഴയതുപോലെ കാടുമൂടിയ നിലയിലായി. ആദ്യം തീരുമാനിച്ചിരുന്ന രണ്ടുനില കെട്ടിടം എന്നത് മാറ്റി മജിസ്ട്രേറ്റ്- മുനിസിഫ്, മറ്റു സബ് കോടതികൾ എന്നിവ കൂടി ഭാവിയിൽ ഉൾക്കൊള്ളിക്കേണ്ടതിനാൽ അഞ്ച്നിലകളുള്ള വലിയ മന്ദിരമാണ് പണിയാൻ ലക്ഷ്യമിട്ടത്.
ആകെ 42,750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ താഴത്തെ നിലയിൽ കവാടം, പാർക്കിംഗ് ഏരിയ, ഒന്ന് മുതൽ അഞ്ചു വരെ നിലകളിൽ വിവിധ കോടതികൾ, അതത് കോടതികളുടെ ഓഫീസ് സംവിധാനം എന്നിവ പ്രവർത്തിക്കുന്ന തരത്തിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി.
കോടതി മന്ദിര നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ 3.10 കോടി രൂപ അനുവദിച്ച് പണിതുടങ്ങി. രണ്ടാം ഘട്ടത്തിന് ഫണ്ട് അനുവദിച്ച് ടെൻഡർ ചെയ്തപ്പോൾ നിർദ്ദിഷ്ട കോടതി സമുച്ചയ സ്ഥലം വയൽ ആയതിനാൽ കൃഷി വകുപ്പിൽ നിന്ന് അനുമതി വാങ്ങി ഡേറ്റാബാങ്കിൽ നിന്നും മാറ്റി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും പണി ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും എന്നു പറഞ്ഞിരുന്ന മന്ദിര നിർമ്മാണമാണിപ്പോൾ ആദ്യഘട്ട പണികൾ പോലും നടത്താൻ കഴിയാത്ത സ്ഥിതിയിലാണ്.
താലൂക്ക് ആസ്ഥാനം എന്ന നിലയിൽ ഇനി കുടുംബ, മുൻസിഫ് കോടതികളും എം.എ.സി.ടി. കോടതിയും സിവിൽ കോടതിയും വരേണ്ടതുണ്ട്. ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയും ഇപ്പോൾ കാട്ടാക്കടയിൽ അനുവദിച്ചു. ജില്ലാകോടതി റാങ്കിലാണ് ഈ കോടതി. ഇത് ഉടൻ തുടങ്ങുന്നതിനായി കാട്ടാക്കട ഡിപ്പോയ്ക്ക് സമീപം സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങാൻ ശ്രമം തുടങ്ങി. കോടതി സമുച്ചയം യാഥാർത്ഥ്യമാകാത്തതിനാൽ മറ്റ് കോടതികളുടെ വരവും വൈകുമെന്ന അവസ്ഥയാണ്.