photo

പാലോട്: 2017ൽ ആരംഭിച്ച മലയോര ഹൈവേ നിർമ്മാണം അവസാനഘട്ടത്തിൽ ഇഴഞ്ഞ് നീങ്ങുന്നു. മികച്ച റോഡുകൾ പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയ്ക്കും വലിയ തോതിൽ ഊർജ്ജം പകരും. തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാര പടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം. തിരുവനന്തപുരം ജില്ലയിൽ പാറശാല, വെള്ളറട, അമ്പൂരി, കള്ളിക്കാട്, ആര്യനാട്, വിതുര, പെരിങ്ങമ്മല, പാലോട്, മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ഇതിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന വിതുര മുതൽ ഇലവുപാലം വരെയുള്ള റോഡിലെ ടാപ്പുകൾ, വൈദ്യുതി പോസ്റ്റുകൾ, മരങ്ങൾ എന്നിവ മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കി. വിതുര, പൊന്നാംചുണ്ട്, പാലോട് എന്നിവിടങ്ങളെ ബന്ധപ്പെടുത്തി നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും. ആലപ്പുഴയൊഴിച്ച് മറ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് മലയോര ഹൈവേ കടന്നുപോകുന്നത്.