തിരുവനന്തപുരം: മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന് പകരം പുതിയ മന്ത്രി തത്കാലമുണ്ടാവില്ല. വിവാദ പ്രസംഗത്തിനെതിരെ കേസുണ്ടായ സാഹചര്യത്തിൽ അതിന്റെ പുരോഗതിയടക്കം വിലയിരുത്തി മാത്രമേ മറിച്ചൊരു തീരുമാനത്തിന് സാദ്ധ്യതയുള്ളൂ. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം വകുപ്പുകളിൽ പ്രധാനപ്പെട്ടവ മറ്റ് മന്ത്രിമാർക്ക് ആർക്കെങ്കിലും തത്കാലം കൈമാറിയേക്കും. മത്സ്യബന്ധന വകുപ്പ് വി.എൻ. വാസവനോ കെ. രാധാകൃഷ്ണനോ കൈമാറാനാണ് സാദ്ധ്യത. നിലവിൽ മുഖ്യമന്ത്രിയാണ് ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്.
കേസിൽ വലിയ പരിക്കില്ലാതെ രക്ഷപ്പെടുകയാണെങ്കിൽ സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. രാജിക്കുശേഷമുള്ള സ്ഥിതിഗതികളും തുടർ നീക്കങ്ങളും ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും.
കേസിനെ ആശ്രയിച്ച്
എം.എൽ.എ സ്ഥാനം
കേസിലെ വിധിയെ ആശ്രയിച്ചിരിക്കും സജി ചെറിയാന്റെ എം.എൽ.എ പദവിയുടെ ഭാവി. തത്കാലം ഒഴിയേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. എം.എൽ.എ സ്ഥാനത്തു നിന്നുള്ള രാജിക്കായി നിയമസഭയിൽ പ്രതിപക്ഷം അത്രത്തോളം സമ്മർദ്ദം ചെലുത്തില്ലെന്നും സൂചനയുണ്ട്. മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിതന്നെ രാഷ്ട്രീയ വിജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. സഭയിൽ മറ്റ് ജനകീയവിഷയങ്ങൾ ശക്തമായി ഉയർത്തേണ്ടതുണ്ടെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. അതേസമയം എം.എൽ.എ സ്ഥാനംകൂടി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന വാദം പുറത്ത് പ്രതിപക്ഷം ഉയർത്തുന്നുണ്ട്. എം.എൽ.എ സ്ഥാനം ഒഴിയേണ്ട എന്ന നിലപാടിൽ ഇടതുമുന്നണിയിലും യോജിപ്പുണ്ട്. പ്രതിപക്ഷ ആവശ്യത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തള്ളി.
സഭയിൽ രണ്ടാം നിരയിൽ
നിയമസഭയിൽ ട്രഷറി ബെഞ്ചിൽ രണ്ടാം നിരയിൽ മുൻ മന്ത്രി കെ.കെ. ശൈലജയുടെ അടുത്താണ് സജി ചെറിയാന്റെ പുതിയ ഇരിപ്പിടം. മന്ത്രിമാരും ഭരണകക്ഷി എം.എൽ.എമാരും ഇന്നലെ അദ്ദേഹത്തിനടുത്തെത്തി സൗഹൃദം പങ്കിട്ടു. എം.എൽ.എ ബോർഡുവച്ച കാറിലാണ് സജി ചെറിയാൻ നിയമസഭയിലെത്തിയത്.
'' മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ വിഷമമില്ല. അഭിമാനം മാത്രമേയുള്ളൂ.
- സജി ചെറിയാൻ
ഭരണഘടനയെ അവഹേളിച്ചതിന്
സജി ചെറിയാനെതിരെ കേസ്
മല്ലപ്പള്ളി: ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതിന് മുൻ മന്ത്രിയും എം.എൽ.എയുമായ സജി ചെറിയാനെതിരെ കീഴ്വായ്പൂര് പൊലീസ് കേസെടുത്തു.
ദേശീയ മഹിമയെ അപമാനിക്കുന്നത് തടയുന്ന 1971ലെ നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസ്. മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന കുറ്റമാണിത്. തിരുവല്ല ഡിവൈ. എസ്.പി ടി.രാജപ്പൻ റാവുത്തർക്കാണ് അന്വേഷണച്ചുമതല. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലിന്റെ പരാതിയിലാണ് നടപടി.
കേസിന്റെ എഫ്.ഐ.ആർ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് മൊഴി എടുക്കലാണ് ഇനിയുള്ള ആദ്യ നടപടി. സജി ചെറിയാൻ പ്രസംഗിക്കുമ്പോൾ എം.എൽ.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഏരിയ സെക്രട്ടറി ബിനു വർഗീസ് തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. പ്രസംഗത്തിന്റെ വീഡിയോ ആദ്യം പുറത്തുവിട്ടയാളെ കണ്ടെത്തി അത് യഥാർത്ഥമാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. തുടർന്ന് മഹസർ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കും. സജി ചെറിയാനെ ചോദ്യം ചെയ്യാൻ നിയമസഭാ സ്പീക്കറുടെ അനുമതി തേടും.