a

തിരുവനന്തപുരം: കുളവാഴയും പായലും നിറഞ്ഞ് 'കുള"മായിക്കിടക്കുന്ന ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിക്ക് ആദ്യഘട്ടമായി 96 കോടി രൂപ സർക്കാർ അനുവദിച്ചു. ജില്ലയിലെ പ്രധാന ജലസ്രോതസായ ആക്കുളത്ത് വിനോദസഞ്ചാരമേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും പുത്തൻ ഉണർവേകുന്നതാണിത്. കായൽ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വീണ്ടെടുപ്പ് എന്നിങ്ങനെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.185.23 കോടി രൂപയാണ് ചെലവിടുക.ര ണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.

ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിലെ ട്രാൻസിഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററാണ് (ടി.പി.എൽ.സി)​ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം കായലിലെ മണ്ണ് ഉയർന്നുനിൽക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി സ്വാഭാവികമായ ജലശുചീകരണ മാർഗം ഒരുക്കും. കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കും. കായലിലേക്ക് ചേരുന്ന തോടുകളായ ഉള്ളൂർ,പട്ടം,പഴവങ്ങാടി,മെഡിക്കൽ കോളേജ് എന്നിവയുടെ നിശ്ചിത ദൂരത്തിന്റെ നവീകരണവും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ പദ്ധതി നടപ്പിലാക്കാനുള്ള പ്രത്യേക ഉദ്ദേശ്യ കമ്പനിയായി (എസ്.പി.വി)​ തിരഞ്ഞെടുത്തിരിക്കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിനെയാണ്.15 വർഷത്തെ പരിപാലനച്ചുമതല കരാറെടുക്കുന്ന കമ്പനിക്കായിരിക്കും.

ജലത്തിന്റെ ഗുണമേന്മയ്ക്ക് പ്രഥമ പരിഗണന
മാലിന്യം നീക്കി ആക്കുളം കായൽ നവീകരിക്കുമ്പോൾ പ്രഥമ പരിഗണന ജലത്തിന്റെ ഗുണമേന്മയ്ക്കായിരിക്കും. ഇതിനായി 1100 പോയിന്റുകളിലായി 24 ജലഗുണമേന്മ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രോജക്ടിൽ ശുപാർശയുണ്ട്. ആക്കുളം കായൽ,​ വേളി കായൽ, ​മെഡി. കോളേജ്,​ ആമയിഴഞ്ചാൻ,​ ഉള്ളൂർ,​ പട്ടം,​ പഴവങ്ങാടി കനാൽ,​ തെറ്റിയാർ,​ പാർവതി പുത്തനാർ എന്നിവിടങ്ങളിലാണ് ഗുണമേന്മ പരിശോധനാ കേന്ദ്രം സ്ഥാപിക്കുക. നഗരത്തിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ആക്കുളത്തു നിന്ന് എത്തിക്കാനാകുമോയെന്നതും പരിശോധിക്കുന്നുണ്ട്.

കൈയേറ്റം വ്യാപകം

210 ഏക്കറിലായാണ് ആക്കുളം കായൽ വ്യാപിച്ചു കിടക്കുന്നത്. ഉള്ളൂർ, പട്ടം, പഴവങ്ങാടി, മെഡിക്കൽ കോളേജ്, തെറ്റിയാർ എന്നിവ ചേരുന്നതാണ് ആക്കുളം കായൽ. കായലിന്റെ 50 ശതമാനത്തോളം കൈയേറിയിട്ടുണ്ട്. ഇതോടെ കായൽ ഉൾപ്പെടുന്ന പ്രദേശം 31.06 സെന്റായി ചുരുങ്ങി. അഞ്ച് വർഷത്തിനിടെ 10 സെന്റോളം കൈയേറിയിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കും.

വരുന്നത്

 ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയേറ്റർ

 മാലിന്യ സംസ്‌കരണ സംവിധാനം

 കുന്നിൻമുകളിൽ സഞ്ചാരികൾക്കായി ഇരിപ്പിടം

 റസ്റ്റോറന്റ് ബ്ലോക്കിന് അനുബന്ധമായി 12ഡി തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ

എൻട്രൻസ് പ്ലാസ

ഫുഡ് കോർട്ട്

റെയിൽ ഷെൽട്ടർ

വെറ്റ്‌ലാന്റ് പാർക്ക്

 ബാംബൂ ബ്രിഡ്ജ്

ഓപ്പൺ ജിം

 ഗ്രീൻ ബ്രിഡ്‌ജ്

ബയോ ഫെൻസിംഗ് ടോയ്‌ലെറ്റ്

കാർ പാർക്കിംഗ്‌

 പരിസ്ഥിതി മതിലുകൾ

 ഇടനാഴികൾ

 കല്ലുകൾ പാകിയ നടപ്പാതകൾ

 സൈക്കിൾ ട്രാക്ക്

ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് ടൂറിസത്തിന് അനുയോജ്യമായ രീതിയിൽ സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ വികസനമാണ് ലക്ഷ്യമിടുന്നത്

- മന്ത്രി പി.എ.മുഹമ്മദ് റിയാസ്