vld-1

വെള്ളറട: മലയോരഹൈവേയിൽ പൈപ്പ് പൊട്ടൽ പതിവായതോടെ കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡുകളെല്ലാം തകർന്ന് തരിപ്പണമായി.

വെള്ളറട ചൂണ്ടിക്കലിലും പനച്ചമൂട് പുളിമൂട്ടിലും റോഡു നിർമ്മാണത്തോടൊപ്പം തുടങ്ങിയ കാളിപ്പാറ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടലിന് ഇനിയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ചൂണ്ടിക്കൽ ജംഗ്ഷനിൽ നിരവധി സ്ഥലങ്ങളിൽ റോഡ് ഒന്നാംഘട്ട ടാറിംഗ് നടന്നതിന് ശേഷം റോഡിനടിയിലെ പൈപ്പുകൾ പൊട്ടി റോഡ് കുഴിഞ്ഞു. ഇതിനെത്തുടർന്ന് കുഴിതോണ്ടി പൈപ്പ് അടച്ച ശേഷം അറ്റക്കുറ്റപ്പണികൾ ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുന്നതിനു മുൻപുതന്നെ മറ്റൊരു സ്ഥലത്ത് പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകാൻ തുടങ്ങി.

വെള്ളം പാഴാകുന്നു

പനച്ചമൂട് പുളിമൂട്ടിൽ റോഡിന്റെ നിർമ്മാണം നടക്കുമ്പോൾത്തന്നെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടി. അതെല്ലാം പരിഹരിച്ച ശേഷമാണ് റോഡ് നിർമ്മാണം നടത്തിയത്. എന്നാൽ ടാറിംഗ് ജോലികൾ കഴിഞ്ഞതോടെ മൂന്നു സ്ഥലത്താണ് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഈ ഭാഗങ്ങളിലെ റോഡ് തകരുകയും ചെയ്തിട്ടുണ്ട്. ഇവിടെ വെള്ളം കെട്ടിനിൽക്കുന്നതുകാരണം വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ച് വീഴുന്നതും പതിവാണ്. മാസങ്ങളായി ഈ നില തുടർന്നിട്ട്.

നടപടി വേണം

റോഡിന്റെ ഒന്നാം ഘട്ടം പണി പൂർത്തീകരിച്ച കരാറുകാർ മറ്റു പണികൾക്കായ് പോയി. വാട്ടർ അതോറിട്ടി പൈപ്പുകൾ പൊട്ടിയത് അടച്ച് കുടിവെള്ളം പാഴാകുന്നത് തടയുന്നതിനുള്ള നടപടിയെടുക്കാത്തതാണ് ഇപ്പോൾ റോഡ് പൂർണമായും തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

അനുമതി വേണം

പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ റോഡ് കുഴിച്ച് പൈപ്പ് പൊട്ടൽ തടയാനും ജലം പാഴാകുന്നത് പരിഹരിക്കാൻ കഴിയുകയുള്ളൂ. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിക്കായി സമീപിച്ചിട്ട് ലഭിക്കാത്തതാണ് പണികൾ ചെയ്യാൻ താമസിക്കുന്നതെന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്.