chandanam

കാട്ടാക്കട: റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീട്ടുവളപ്പിൽ നിന്ന ചന്ദന മരം മുറിച്ചു കടത്തി. പൂവച്ചൽ മുളമൂട് എസ്.എൻ നിവാസിൽ ജയന്തകുമാറിന്റെ വീടിന് മുന്നിൽ നിന്ന ചന്ദനമരമാണ് അജ്ഞാതർ മുറിച്ച് കടത്തിയത്. ഇക്കഴിഞ്ഞ 5ന് രാത്രിയോടെയാണ് ചന്ദനമരം മോഷണം പോയതെന്ന് കാട്ടി കാട്ടാക്കട പൊലീസിലും പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലും പരാതി നൽകി.മോഷണം നടന്ന ദിവസം ശക്തമായ മഴയായിരുന്നതിനാൽ പുറത്തുള്ള ശബ്ദങ്ങൾ ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് ജയന്തകുമാർ പറയുന്നു. 23 വർഷത്തോളം ചന്ദനമരത്തിന് പഴക്കമുണ്ട്.4 മീറ്റർ നീളവും 55 സെന്റിമീറ്റർ ചുറ്റുവണ്ണവും മരത്തിനുണ്ട്. ഒന്നരയടിയോളം മൂട് ഭാഗം നില നിറുത്തിയാണ് ബാക്കി മുഴുവനും മുറിച്ചുമാറ്റിയത്. ചന്ദന മരം മോഷ്ടിക്കുന്ന സംഘമാകാനാണ് സാദ്ധ്യത. വീടിന്റെ ചുറ്റുമതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ എത്തിയിരിക്കുന്നത്. വനം വകുപ്പിനും പൊലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.