തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി.എ.മജീദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ കെ.ജയകുമാർ സമ്മാനിച്ചു.രാഷ്ട്രീയ സാമൂഹിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ടി.എ.മജീദ് സ്മാരക സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കാനം രാജേന്ദ്രൻ അർഹനായത്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാധാരണക്കാരുടെ പ്രശ്നങ്ങൾ വളരെ ലളിതമായി നേരിട്ട് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു ടി എ മജീദെന്ന് കാനം രാജേന്ദ്രൻ അനുസ്മരിച്ചു.
ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ടി.എ.മജീദ് സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ.അനിൽ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന, ജില്ലാപഞ്ചായത്തംഗം ഗീതാ നസീർ എന്നിവ സംസാരിച്ചു. ടി.എ.മജീദ് സ്മാരക സൊസൈറ്റി സെക്രട്ടറി വി.മണിലാൽ സ്വാഗതവും സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.രഞ്ജിത്ത് നന്ദിയും പറഞ്ഞു.