
തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ അവഹേളനത്തെ തള്ളിപ്പറഞ്ഞ് സി.പി.എം നേതൃത്വം. തന്റെ പ്രസംഗത്തിൽ ചില വീഴ്ചകൾ സംഭവിച്ചുവെന്ന് മനസിലാക്കിയാണ് സജി ചെറിയാൻ പെട്ടെന്ന് രാജിവയ്ക്കാൻ തയ്യാറായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സജി ചെറിയാൻ പറഞ്ഞതെല്ലാം ശരിയാണ് എന്നായിരുന്നുവെങ്കിൽ അദ്ദേഹത്തോട് രാജി വയ്ക്കേണ്ട എന്നല്ലേ പാർട്ടി പറയുകയെന്നും ചോദിച്ചു.
പ്രസംഗത്തിൽ ചില വാചകങ്ങൾ കടന്നുകൂടിയത് ഉദ്ദേശിക്കാത്ത കാര്യങ്ങളാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പ്രസംഗം വളച്ചൊടിച്ചതാണെന്ന് പറഞ്ഞത് ആദ്യത്തെ പ്രസ്താവനയിലാണ്. രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയിൽ അങ്ങനെയില്ല. പ്രസംഗത്തിലെ ചില ഭാഗങ്ങൾ ദുർവ്യാഖ്യാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
തെറ്റുപറ്റിയെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിലും സമ്മതിച്ചു. ഇതുസംബന്ധിച്ച് നിങ്ങളാണ് (മാദ്ധ്യമപ്രവർത്തകർ) കുറേ വാർത്തകളുണ്ടാക്കി ആശയക്കുഴപ്പമുണ്ടാക്കിയത്. കഴിഞ്ഞദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽതന്നെ തീരുമാനമെടുത്തിരുന്നു. നിങ്ങൾക്കത് കിട്ടിയില്ല.
വിവാദപ്രസംഗം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാദ്ധ്യമങ്ങളില്ലായിരുന്നുവെങ്കിലും സമൂഹമാദ്ധ്യമങ്ങൾ അവിടെയുണ്ടായല്ലോ. ആരുടെ ഫേസ്ബുക്ക് പേജിലായാലും അത് വന്നല്ലോ. അതങ്ങനെ പുറത്ത് വന്നതിന് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോയെന്ന് പരിശോധിച്ചാലേ പറയാനാകൂ. അതിനി പ്രത്യേകിച്ച് പരിശോധിക്കേണ്ടതില്ല.
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സി.പി.എം. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിനായാണ് പാർട്ടി പോരാടുന്നത്. ഭരണഘടന തത്വങ്ങൾക്കനുസരിച്ചാണ് സി.പി.എം പ്രവർത്തിക്കുന്നത്. രാജിവച്ച സജി ചെറിയാൻ ഉന്നതമായ ജനാധിപത്യമൂല്യം പ്രകടിപ്പിക്കുക മാത്രമല്ല, മാതൃകയും സൃഷ്ടിച്ചു. രാജിയോടെ പ്രശ്നങ്ങളെല്ലാം അപ്രസക്തമായി. പ്രതിപക്ഷം പറയുന്നതനുസരിച്ച് എം.എൽ.എ സ്ഥാനം രാജിവയ്ക്കാനാവില്ല.
വിശദീകരണ യോഗം
പത്തിന് തുടങ്ങും
രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിക്കാനുള്ള യോഗങ്ങൾ ഏരിയാ അടിസ്ഥാനത്തിൽ ഈ മാസം പത്തിനാരംഭിക്കും. കാലവർഷക്കെടുതി നേരിടുന്ന സ്ഥലങ്ങളിൽ പാർട്ടി പ്രവർത്തകർ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്യും. എ.കെ.ജി സെന്റർ ആക്രമണം രാത്രികാലത്ത് നടന്നതായതിനാൽ പ്രതികളെ പിടികൂടാൻ സമയമെടുക്കും. കൃത്യമായ അന്വേഷണം നടത്തി മാത്രമേ പിടിക്കാനാവൂ. യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡനപരാതിയിൽ ഇര പൊലീസിൽ പരാതി നൽകിയാൽ കേസുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
പുതിയ മന്ത്രി ഉടൻ
വേണ്ടെന്ന് സി.പി.എം തീരുമാനം
തിരുവനന്തപുരം: രാജിവച്ച സജി ചെറിയാന് പകരം പുതിയ മന്ത്രി ഉടൻ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം.
സജി ചെറിയാനെതിരെയുള്ള കേസിന്റെ മുന്നോട്ടുള്ള പോക്ക് ഉൾപ്പെടെ നോക്കിയാവും ഭാവികാര്യങ്ങൾ തീരുമാനിക്കുക. കേസിന്റെ വിശദാംശങ്ങളിലേക്ക് യോഗം കടന്നില്ല. നാട്ടിൽ ബന്ധുവിന്റെ മരണം കാരണം ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിൽ സജി ചെറിയാൻ എത്തിയില്ല.
പുതിയ മന്ത്രിയെ നിശ്ചയിക്കുന്നത് ചർച്ച ചെയ്തില്ലെന്നും അത് സ്ഥിതിഗതികൾ നോക്കി തീരുമാനിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.