
ഏതു മുന്നണി ഭരിച്ചാലും നികുതിയും ഫീസുകളും വർദ്ധിപ്പിക്കുന്നതിൽ അമാന്തം കാണിക്കാറില്ല. ട്രാൻസ്‌പോർട്ട് ചാർജായാലും വൈദ്യുതി നിരക്കായാലും കെട്ടിടനികുതിയായാലും കുറയ്ക്കാൻ ആരും തയ്യാറായിട്ടില്ല. സർക്കാർ പിരിക്കുന്ന നികുതിയുടെ സിംഹഭാഗവും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണ് ചെലവഴിക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒട്ടേറെ ജനങ്ങളുണ്ട്. അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടതും സർക്കാരിന്റെ ബാദ്ധ്യതയും കടമയുമാണ്. ക്ഷേമപെൻഷൻ ലഭിക്കുന്നത് 53 ലക്ഷം പാവങ്ങൾക്കാണ്. ഒരുമാസം 1600 രൂപയാണ് പെൻഷൻ. ഇത് ലഭിക്കാതെ വരുമ്പോൾ മരുന്നുപോലും വാങ്ങാനാകാതെ കഴിയുന്ന നിരവധി നിർദ്ധനരുള്ള നാടാണ് നമ്മുടേതെന്നത് ക്രൂരമായ യാഥാർത്ഥ്യമാണ്.
ലക്ഷങ്ങൾ ശമ്പളമുള്ളവർ ശമ്പളം ഒരാഴ്ച വൈകിയാൽ പ്രശ്നമുണ്ടാക്കും. ശമ്പളം കുറച്ച് ദിവസം വൈകിയാലും അത് അവരുടെ ജീവിതശൈലിയെയോ നിലവാരത്തെയോ പെട്ടെന്ന് ബാധിക്കില്ല. ഒന്നുമില്ലാത്തവന്റെ സ്ഥിതി അതല്ല. അവർക്ക് 1600 രൂപ വലിയ സംഖ്യയാണ്. അത് കൃത്യമായി കൊടുക്കാൻ ജനക്ഷേമത്തിൽ പ്രതിബദ്ധതയുള്ള ഒരു സർക്കാരിന് കഴിയണം. സർക്കാരിന്റെ പ്രഥമ കർത്തവ്യങ്ങളിൽ ഒന്നായിത്തന്നെ കണക്കിലെടുത്ത് അതു നൽകാൻ നടപടിയെടുക്കേണ്ടത് ഭരണകർത്താക്കളുടെ ചുമതലയാണ്. നികുതിപ്പണത്തിന്റെ ഒരു ഭാഗം ജീവനക്കാരുടെ ശമ്പളത്തിന് മാറ്റിവയ്ക്കുന്നതുപോലെ ക്ഷേമപെൻഷനും മാറ്റിവയ്ക്കണം.
വിവിധ വകുപ്പുകളിലെ അനാവശ്യ ദുർവ്യയങ്ങളും പാഴ്‌ചെലവുകളും കണ്ടെത്തി തടഞ്ഞാൽത്തന്നെ കടമെടുക്കാതെ ക്ഷേമപെൻഷൻ നൽകാനുള്ള തുക സർക്കാരിന് കണ്ടെത്താം. അത്തരമൊരു നീക്കത്തിനാവണം മുഖ്യപരിഗണന നല്കേണ്ടത്. ഭീമമായ നഷ്‌ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്താൽ തന്നെ വലിയൊരു തുക ലാഭിക്കാം. സർക്കാരിന് നടത്താൻ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖല വാങ്ങാൻ തയാറായാൽ അവർക്ക് വില്‌ക്കുകയോ അല്ലെങ്കിൽ പാട്ടത്തിന് നല്‌കുകയോ വേണം.
സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിന് പണം സ്വരൂപിക്കാൻ 2018ൽ രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിൽ നിന്ന് സംസ്ഥാനം പിന്മാറിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിച്ചത്. എന്നാൽ പെൻഷൻ കമ്പനിക്ക് ഗ്രാന്റും ബഡ്‌ജറ്റ് വിഹിതവും നിറുത്തലാക്കിയിട്ടില്ലെന്നും പെൻഷൻ വിതരണത്തിന് തടസമുണ്ടാകില്ലെന്നുമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞത്. കടമെടുപ്പിന് കേന്ദ്രം ഉടക്കിട്ടതോടെ വായ്‌പയ്ക്ക് ഗാരന്റി നിൽക്കില്ലെന്ന ഉത്തരവ് ധനവകുപ്പ് ഇറക്കി എന്നത് വസ്തുതയാണ്. ഇത് മറികടക്കാനുള്ള മറുവഴിയും ധനവകുപ്പ് തുറക്കേണ്ടതായിരുന്നു. അതിതുവരെ ഉണ്ടായിട്ടില്ല. സർക്കാർ നേരിട്ട് കടമെടുത്ത് നൽകുകയോ കേന്ദ്രത്തെ കാര്യങ്ങൾ ധരിപ്പിച്ചശേഷം തുടർന്നും വായ്‌പയ്ക്ക് ഗാരന്റി നൽകുകയോ ആണ് സർക്കാർ ചെയ്യേണ്ടത്. രാഷ്ട്രീയതലത്തിൽ തന്നെ ഇതിനുള്ള നീക്കം സർക്കാർ നടത്തണം. പൊതുകടത്തിന്റെയും മറ്റും പേരുപറഞ്ഞ് ക്ഷേമപെൻഷൻ ഒരു കാരണവശാലും മുടക്കരുത്. ഇക്കാര്യത്തിൽ കേന്ദ്ര നിലപാടിനെതിരെ നിൽക്കാൻ പ്രതിപക്ഷവും സർക്കാരിന് പിന്തുണ നൽകണം. വികസനത്തിന് തുക അനുവദിക്കുന്നതിന് തുല്യമായ പ്രാധാന്യം ക്ഷേമപെൻഷനായി പ്രതിവർഷം വേണ്ടിവരുന്ന പതിനായിരം കോടിയോളം രൂപ മാറ്റിവയ്ക്കുന്നതിന്, നൽകണം.
സർക്കാരിന്റെ മാനുഷികമുഖം നിലനിറുത്തുന്നതിൽ ക്ഷേമപെൻഷന്റെ പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ചും പാവങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഇടതുമുന്നണി സർക്കാർ കേരളം ഭരിക്കുമ്പോൾ.