a

പൂവാർ: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പൂവാറിൽ ലഹരിമാഫിയ സജീവമെന്ന് സൂചന. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാലും എളുപ്പത്തിൽ ഇവിടേക്ക് ലഹരി എത്തിക്കാൻ ഇവർക്കാകും. ചെക്ക് പോസ്റ്റുകളോ പൊലീസ് ഔട്ട് പോസ്റ്റുകളോ ഇല്ലാത്ത ഇടറോഡുകൾ ധാരാളമുള്ളതും ഇവർക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ പൊലീസ്, എക്സൈസ് ഡിപ്പാർട്ടുമെന്റുകളെ നോക്കുകുത്തികളാക്കിയാണ് ഇവരുടെ കടത്ത്.

ഇരുട്ടിന്റെ മറവിൽ നടക്കുന്ന ലഹരിക്കച്ചവടത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചാൽ പോലും നടപടിയെടുക്കാൻ അധികൃതർ വിമുഖത കാട്ടുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ പൂവാറിലെ ഒരു റിസോർട്ടിൽ അരങ്ങേറിയ ലഹരി പാർട്ടി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിടികൂടിയിരുന്നു. മൂന്ന് പ്രധാന പ്രതികൾ ഉൾപ്പെടെ 20 ഓളം പേരാണ് കസ്റ്റഡിയിലായത്. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ എൽ.എസ്.ജി സ്റ്റാമ്പ്, എം.ഡി.എം.എ ക്രിസ്റ്റൽ, ചിപ്സ്, ഹാഷിഷ് ഓയിൽ, കഞ്ചാവ്, ലിക്കർ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ കണ്ടെത്തിയിരുന്നു.

പൂവാറിലെ കാരക്കാട്ട് റിസോർട്ടിൽ നിന്നാണ് ലഹരി വസ്തുക്കളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇവർ ഡി.ജെ പാർട്ടി സംഘടിപ്പിച്ചത്.

ടൂറിസ്റ്റുകൾ ലക്ഷ്യം

ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി എത്തിക്കുന്ന ലഹരി വസ്തുക്കൾ ഇടനിലക്കാർ മുഖേന തീരപ്രദേശങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിപണം നടക്കുന്നതായി നാട്ടുകാർ പരാതി പറയുന്നു. തീരദേശത്തെ ചെറുപ്പക്കാരെ ലക്ഷ്യമാക്കിയും ഈ സംഘം പ്രവർത്തിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പൊഴിയൂർ, പൂവാർ, അടിമലത്തുറ പ്രദേശങ്ങളിൽ നിന്ന് നിരവധി യുവാക്കളെ അനധികൃതമായ ലഹരി വസ്തുക്കൾ കൈവശം വച്ചതിനും വിപണനം നടത്തിയതിനും പിടികൂടിയിരുന്നു.

ലഹരി മാഫിയകളുടെ ഇരകളാകുന്നവരിൽ ബഹുഭൂരിപക്ഷവും യുവാക്കളും വിദ്യാർത്ഥികളുമാണ്. ഇവർ ആദ്യം ഉപഭോക്താക്കളും പിന്നെ വിതരണക്കാരായും മാറുകയാണ്. ഇതിനെ ചെറുക്കാൻ ശക്തമായ നിയമ നടപടി ആവശ്യമാണ്.

അമരവിള ജയകുമാർ, കേരള മദ്യ നിരോധന സമിതി ജില്ലാ നേതാവ്