eco-sensitive-zone

നിയമപരമായ കാര്യങ്ങളിൽ സുപ്രീംകോടതി വിധി അന്തിമമാണ്. എന്നാൽ അത് നിയമനിർമ്മാണത്തിലൂടെ മറികടക്കാനുള്ള അധികാരം പാർലമെന്റിനുണ്ട്. നിയമങ്ങൾ പാസാക്കി സുപ്രീംകോടതി വിധി സർക്കാർ മറികടന്നിട്ടുമുണ്ട്. രാജ്യത്തെ ജനങ്ങളുടെ പൊതുഹിതം സംരക്ഷിക്കേണ്ടിവരുന്ന സാഹചര്യങ്ങളിലാണ് നിയമങ്ങളിൽ ഭേദഗതിയും പ്രായോഗിക മാറ്റങ്ങളും വരുത്താൻ സർക്കാർ തുനിയുന്നത്.

സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല അഥവാ ഇ.എസ്.സെഡ് വേണമെന്നാണ് സുപ്രീംകോടതി വിധി. ഇത് അപ്പാടെ നടപ്പാക്കിയാൽ കേരളത്തിൽ ഒട്ടേറെ ജനവാസ മേഖലകളെ കുടിയൊഴിപ്പിക്കേണ്ടിവരും. ഇത് നിയന്ത്രണാതീതമായ ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കാം. അതേസമയം ഉന്നതകോടതിയുടെ ഉത്തരവായതിനാൽ അത് അനുസരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാരിന് പറയാനാകില്ല. അതിനുള്ള മറുവഴിയാണ് കേന്ദ്രത്തെ സമീപിച്ച് പുതിയ നിയമനിർമ്മാണം നടത്തിക്കുക എന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കി വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. പൊതുതാത്‌പര്യം പരിഗണിച്ച് ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കണമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുറഞ്ഞ ഭൂവിസ്‌തൃതിയുള്ള കേരളത്തിന്റെ മുപ്പതുശതമാനത്തോളം വനവും ആകെ ഭൂപ്രദേശത്തിന്റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും തടാകങ്ങളും കായലുകളും നെൽവയലുകളും തണ്ണീർത്തടങ്ങളും മറ്റുമാണ്. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 900നു മുകളിലാണ്. മൂന്നരക്കോടി ജനങ്ങൾക്ക് വസിക്കാനുള്ള ഭൂമിതന്നെ ഇവിടെ കുറവാണ്. ഇതല്ല വിസ്‌തൃതമായ മറ്റ് പല സംസ്ഥാനങ്ങളുടെയും സ്ഥിതി. അതിനാൽ കേരളത്തിന്റെ ആവശ്യം തികച്ചും ന്യായയുക്തമാണ്. കേരളത്തിന്റെ പുതിയ പരാതി ഉന്നതാധികാര സമിതിയെ അറിയിക്കാനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നതെന്നും മുൻ തീരുമാനങ്ങളിൽ പോരായ്മയുണ്ടെങ്കിൽ പുതിയ പരാതിയിൽ തിരുത്തൽ വരുത്തിയാൽ മതിയെന്നുമാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ സഭയിൽ പറഞ്ഞത്. അതേസമയം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയത് പ്രശ്നപരിഹാരത്തിന് സാവകാശം നൽകുന്നതാണ്.

വിജ്ഞാപനങ്ങൾ അന്തിമമാക്കും മുൻപ് കേരളവുമായി കൂടുതൽ ചർച്ചനടത്തുമെന്ന് കേന്ദ്ര വനം പരിസ്ഥിതി
മന്ത്രി ഭൂപീന്ദർ യാദവും വ്യക്തമാക്കിയിട്ടുണ്ട്.

പരിസ്ഥിതിക്കും വികസനത്തിനും കോട്ടം വരാത്തവിധം പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ജനവാസ മേഖലകളെ ഒഴിവാക്കി പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉത്തരവ് പരമാവധി നടപ്പാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.