
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേയുടെ ഭാഗമായി റവന്യു വകുപ്പ് സജ്ജമാക്കുന്ന 'എന്റെ ഭൂമി' പോർട്ടൽ ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങും. റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സിംഗിൾ പോർട്ടൽ സംവിധാനത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കൂടിയാണിത്. എൻ.ഐ.സിക്കാണ് (നാഷണൽ ഇൻഫർമാറ്റിക് സെന്റർ) നടപ്പാക്കൽ ചുമതല. ഇതിൽ ശേഖരിക്കുന്ന വിവരങ്ങൾ മറ്റു വകുപ്പുകൾക്കും പ്രയോജനപ്പെടുത്താം. സർവേ വകുപ്പുകൂടി ഡിജിറ്റലാകുന്നതോടെ പോർട്ടൽ സമ്പൂർണമാകും.
1666 വില്ലേജുകളിൽ 1550 എണ്ണത്തിലാണ് നാലുവർഷം കൊണ്ട് ഡിജിറ്റൽ റീസർവേ നടത്തുന്നത്. ആദ്യ മൂന്നുവർഷം 400 വില്ലേജുകൾ വീതവും നാലാം വർഷം 350 എണ്ണത്തിലുമാണ് പൂർത്തിയാക്കുക. റീസർവേ പൂർത്തിയാക്കുന്ന മുറയ്ക്ക് വിവരങ്ങൾ പോർട്ടലിൽ ലഭ്യമാക്കും.
പോർട്ടലിലൂടെ അറിയാം, ഈ വിവരങ്ങൾ
റീസർവേ തുടങ്ങിയ വില്ലേജുകൾ, പുരോഗതി
ഓരോ സ്ഥലത്തേയും ജീവനക്കാരുടെ വിന്യാസം
ഭൂമിയുടെ വിസ്തൃതി സംബന്ധമായ വിശദാംശങ്ങൾ
ഓരോ മേഖലയിലെയും മേൽനോട്ടച്ചുമതല
മറ്റു വകുപ്പുകൾക്കും ഗുണകരം
പോർട്ടലിലെ ഭൂമി സംബന്ധമായ വിശദാംശങ്ങൾ മറ്റു വകുപ്പുകൾക്കും പ്രയോജനപ്പെടുത്താം. ഉദാഹരണം: കൃഷി വകുപ്പ് പുതിയ ഒരു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതിന് തീരുമാനിച്ചിട്ടുള്ള സ്ഥലത്തിന്റെ ഭൂപ്രകൃതി, മറ്റ് സൗകര്യങ്ങളുടെ ലഭ്യത, റോഡുകളുടെയും ജലാശയങ്ങളുടെയും സാമീപ്യം തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ അറിയാനാകും.മൃഗസംരക്ഷണം, ദുരന്തനിവാരണം, പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ വകുപ്പുകൾക്ക് കൂടുതൽ ഉപയോഗപ്രദം.
1666
ആകെ വില്ലേജുകൾ
1550
ഡിജിറ്റൽ റീസർവേ നടക്കേണ്ടത്
116
സർവേ പൂർത്തിയായത്
858 കോടി
ആകെ ചെലവ്