തിരുവനന്തപുരം: ജില്ലയിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം തുടർക്കഥയായതോടെ നിരവധി വീടുകൾ ഭീഷണിയിൽ. പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കുഴിവിളാകം, ശംഖുംമുഖം, കൊച്ചുതോപ്പ്, വലിയതോപ്പ്, വെട്ടുകാട്, കണ്ണാന്തുറ, പനത്തുറ എന്നിവിടങ്ങളിലെ മുന്നൂറിലേറെ കുടുംബങ്ങളാണ് ആശങ്കയിലായത്.
നേരത്തെയുണ്ടായ യാസ്, ടൗതേ ചുഴലിക്കാറ്റുകളിൽ വിവിധ തീരങ്ങളിലായി 957 കുടുംബങ്ങൾക്കാണ് വീട് നഷ്‌ടപ്പെട്ടത്. 338 വീടുകൾ പൂർണമായും 619 വീടുകൾ ഭാഗികമായും തകർന്നു. വരുംദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കാനിരിക്കെ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് തീരദേശവാസികൾ. കടൽക്ഷോഭം രൂക്ഷമായിട്ടും തീരത്തേക്ക് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
തീരദേശങ്ങളിലെ അഞ്ചാംനിര വീടുകളിലേക്കാണ് നിലവിലുള്ള കടൽഭിത്തികളെ പോലും തകർത്ത് തിരമാലകൾ ഇരച്ചുകയറുന്നത്. നിലവിൽ 1000ലേറെ കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും വാടക വീടുകളിലുമായി അഭയം തേടിയത്.
കടൽവെള്ളം റോഡിലേക്ക്
കഴിഞ്ഞ ദിവസമുണ്ടായ കടൽക്ഷോഭത്തിൽ തീരപ്രദേശത്ത് വ്യാപക നാശനഷ്‌ടമാണുണ്ടായത്. പൂന്തുറയിൽ മൂന്ന് വീടുകൾ പൂർണമായി കടലെടുത്തു. ഇരുന്നൂറോളം വീടുകളിൽ വെള്ളം കയറി. വലിയതോപ്പ് മുതൽ കുഴിവിളാകം വരെയുള്ള റോഡ് പൂർണമായി കടലെടുത്തു.
റോഡരികിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകിയതിനാൽ വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. വീടുകളിൽ വെള്ളം കയറിയവരെ മാറ്റിപ്പാർപ്പിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. തുറമുഖ വകുപ്പിന്റെ നാല് ഗോഡൗൺ, വലിയതുറ യു.പി.എസ്, ബഡ്സ് സ്‌കൂൾ എന്നിവിടങ്ങൾ മുൻ വർഷങ്ങളിൽ കടൽക്ഷോഭ ദുരിതത്തിന് ഇരയായവരുടെ അഭയാർത്ഥി ക്യാമ്പുകളാണ്. ഇവിടെ കൂടുതൽപേരെ താമസിപ്പിക്കാൻ കഴിയില്ല.
കെട്ടിടങ്ങൾ കടലിൽ
2014ൽ തീരദേശ വികസന കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വലിയതോപ്പ്, കൊച്ചുതോപ്പ് അങ്കണവാടി കെട്ടിടങ്ങൾ കടലെടുക്കാറായി. കെട്ടിടത്തിന് തകരാറില്ലെങ്കിലും രണ്ട് കെട്ടിടങ്ങളും കടലിലാണിപ്പോൾ. കടലാക്രമണത്തെ ചെറുക്കാൻ പ്രദേശവാസികൾ തീരത്ത് മണൽ നിറച്ച ചാക്കുകളിടുന്നുണ്ടെങ്കിലും അതിനെയെല്ലാം തകർത്തെറിഞ്ഞാണ് തിര തീരത്തേക്കെത്തുന്നത്. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനസൗകര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളുടെ ഭാരവാഹികൾ ബാലാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.