വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തു നിന്ന് എൻ.എച്ച് ബൈപ്പാസ് വരെയുള്ള പ്രദേശത്തെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കാൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ജനപ്രതിനിധികളുടെയും തുറമുഖ അധികൃതരുടെയും യോഗം വിളിച്ചു. എം. വിൻസന്റ് എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരമാണ് യോഗം വിളിച്ചത്. തുറമുഖം മുതൽ എൻ.എച്ച് ബൈപ്പാസ് വരെയുള്ള റോഡിൽ ദേവർകുളം മുതൽ വലിയവീട്ടുകുളം വരെയുള്ള ഭാഗത്ത് നിലംനികത്താതെ റോഡ് നിർമ്മിക്കാം എന്നാണ് തുറമുഖ അധികൃതർ തദ്ദേശീയർക്ക് നൽകിയിരുന്ന ഉറപ്പ്. കൂടുതൽ ആവശ്യങ്ങൾ പരിഗണിക്കാനും കൂടുതൽ ചർച്ചകൾക്കുമായി തദ്ദേശവാസികളും ജനപ്രതിനിധികളും തുറമുഖ അധികൃതരും ചേർന്ന് കമ്മിറ്റി രൂപീകരിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമുള്ള നിർമ്മാണ പ്രവർത്തനങ്ങളാകും നടത്തുകയെന്ന് മന്ത്രി ഉറപ്പുനൽകി. കൗൺസിലർ സി. ഓമന, വിസിൽ എം.ഡി ജയകുമാർ, അദാനി പോർട്ട്സ് സി.ഇ.ഒ രാജേഷ് ഝാ അഡ്വ. കെ.വി. അഭിലാഷ്, മുല്ലൂർ അജിത്ത്, സി. ബാബു, വേണുഗോപാലൻ നായർ, അഡ്വ. കെ. ജയചന്ദ്രൻ, മോഹനചന്ദ്രൻ നായർ, പുഷ്കരൻ, സുജേഷ് കുമാർ, മാഹീൻ തുടങ്ങിയവർ പങ്കെടുത്തു.