കടയ്ക്കാവൂർ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് നടത്തുന്ന 'ശുചിത്വ സാഗരം, സുന്ദര തീരം" പദ്ധതിയുടെ പഞ്ചായത്ത് തല കോഓർഡിനേഷൻ കമ്മിറ്റി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നടന്നു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നതാണ് പദ്ധിതയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സൈജുരാജ്, സ്റ്റീഫൻ ലൂവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ ശ്രീരാമൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി, കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ കണ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഓമന ദേവദാസ്, തീരദേശ വാർഡ് മെമ്പർമാർ, വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഫിഷറീസ് നോഡൽ ഓഫീസർ വി. സ്മിത പദ്ധതി വിശദീകരണം നടത്തി. ഫിഷറീസ് എം.എഫ്.ഇ.ഒ വിഷ്ണു എസ്. രാജ് സ്വാഗതവും എഫ്.ഒ. ഷൈല ബീവി നന്ദിയും പറഞ്ഞു.