
തിരുവനന്തപുരം: വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ച് ഉത്തരവായി. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നവരിൽ നിന്നും ഡോ.കലാ കേശവനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നിയമിച്ചു. എസ്.പ്രതാപിനെ കണ്ണൂർ മെഡിക്കൽ കോളേജിലും ബി.ഷീലയെ തൃശൂർ മെഡിക്കൽ കോളേജിലും മാറ്റി നിയമിച്ചു. പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം ലഭിച്ച ടി.കെ.സുമയെ ആലപ്പുഴ മെഡിക്കൽ കോളേജിലും എസ്.ശങ്കറിനെ കോട്ടയം മെഡിക്കൽ കോളേജിലും ഡി.മീനയെ ഇടുക്കി മെഡിക്കൽ കോളേജിലും രശ്മി രാജനെ എറണാകുളത്തും ലിനറ്റ്. ജെ. മോറിസിനെ കൊല്ലത്തും മിറിയം വർക്കിയെ കോന്നിയിലും ഇ.വി.ഗോപിയെ കോഴിക്കോട്ടും ഗീത രവീന്ദ്രനെ മഞ്ചേരി മെഡിക്കൽ കോളേജിലും നിയമിച്ചു.
അജയകുമാർ ജോയിന്റ് ഡി.എം.ഇ
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ.കെ.അജയകുമാറാണ് പുതിയ ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ.എം.എച്ച്.അബ്ദുൾ റഷീദിനെ സ്‌പെഷ്യൽ ഓഫീസറായും നിയമിച്ചു.