തിരുവനന്തപുരം: മായമില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നഗരസഭ 20 ഇന കർമ്മപരിപാടിയുടെ ഭാഗമായി നഗരപരിധിയിലെ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നഗരസഭയുടെ ഈ പ്രവർത്തനങ്ങൾ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.
നഗരപരിധിയിലെ ഹെൽത്ത് സെന്ററുകളുടെ പ്രവർത്തന വിപുലീകരണം, പാലിയേറ്റീവ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, ആശുപത്രികളുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക തുടങ്ങിയ പദ്ധതികൾക്കാണ് തുടക്കംകുറിച്ചത്. നഗരപരിധിയിലെ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനസമയം 12 മണിക്കൂറായി ദീർഘിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് നഗരത്തിലെ ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ നിയമന ഉത്തരവും നൽകി. പുതിയ അഞ്ച് പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ പ്രഖ്യാപനവും പാലിയേറ്റീവ് നഴ്സുമാർക്ക് അവശ്യോപകരണങ്ങൾ കൈമാറലും ചടങ്ങിൽ നടന്നു.
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പുരസ്‌കാരം നേടിയ വട്ടിയൂർക്കാവ് യു.പി.എച്ച്.സിക്കും കായകല്പ പുരസ്‌കാരം നേടിയ മുട്ടട യു.പി.എച്ച്.സിക്കുമുള്ള അവാർഡ് ചടങ്ങിൽ മന്ത്രി നൽകി. നേമം താലൂക്ക് ആശുപത്രിക്കുവേണ്ടി നഗരസഭ വാങ്ങിയ ആംബുലൻസും മന്ത്രി കൈമാറി.
യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാജു,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.ജമീല ശ്രീധരൻ, എസ്.സലിം, ഡി.ആർ.അനിൽ, ജിഷ ജോൺ, കൗൺസിലർ എം.ആർ.ഗോപൻ, ഡി.പി.എം.ഡോ. ആശാവിജയൻ, ഹെൽത്ത് ഓഫീസർ ഡോ.ഗോപകുമാർ.ആർ.എസ്,ഡോ.ശിവകുമാർ എന്നിവർ പങ്കെടുത്തു.