p

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല തന്നിഷ്‌ട പ്രകാരം പുനഃസംഘടിപ്പിച്ച 72 ബോർഡ് ഒഫ് സ്റ്റഡീസുകൾക്ക്

ഗവർണർ അംഗീകാരം നിഷേധിച്ചു. ഇതുസംബന്ധിച്ച വൈസ്ചാൻസലറുടെ ശുപാർശ തള്ളി. ചാൻസലറായ താൻ നടത്തേണ്ട നാമനിർദ്ദേശങ്ങൾ സർവ്വകലാശാല എങ്ങനെ നടത്തുമെന്ന് വി.സിയോട് വിശദീകരണവും തേടി.

സർവകലാശാലാ നിയമ പ്രകാരം ബോർഡുകളുടെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണർക്ക് മാത്രമാണ്. സർവകലാശാല നിലവിൽ വന്ന 1996 മുതൽ ഗവർണറാണ് നാമനിർദ്ദേശങ്ങൾ നടത്തിയിട്ടുള്ളത്. ഇത്തവണ വി.സി നിയോഗിച്ച സിൻഡിക്കേ​റ്റിന്റെ മൂന്നംഗ സമിതിയാണ് ബോർഡ് അംഗങ്ങളെ നിർദ്ദേശിച്ചത്. പ്രൈവ​റ്റ് ട്യൂഷന്റെ പേരിൽ ശിക്ഷാ നടപടിക്ക് വിധേയനായ സിൻഡിക്കേ​റ്റ് അംഗവും ഈ സമിതിയിൽ ഉണ്ടായിരുന്നു. ക്രമക്കേട് ചൂണ്ടിക്കാട്ടി അക്കാഡമിക് കൗൺസിൽ അംഗം ഷിനോ. പി. ജോസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർവകലാശാലയുടെ നടപടി റദ്ദാക്കിയിരുന്നു.

വിവിധ ബോർഡുകളിൽ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മുതിർന്ന അദ്ധ്യാപകരെ ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളേജ് അദ്ധ്യാപകരേയും കരാർ അദ്ധ്യാപകരേയും മന്ത്രിയുടെ സ്റ്റാഫംഗത്തെയും ഉൾപ്പെടുത്തി. ഇവരിൽ പലരുടെയും ബയോഡേ​റ്റ പരിശോധിച്ചാൽ ഗവർണർ തള്ളുമെന്നതിനാലാണ് സവകലാശാല ഇല്ലാത്ത അധികാരം പ്രയോഗിച്ചത്.

പരീക്ഷാനടത്തിപ്പിൽ വ്യാപക ക്രമക്കേടുകളുണ്ടായ സാഹചര്യത്തിൽ പഠന ബോർഡുകളിൽ സീനിയർ അദ്ധ്യാപകരെ ഉൾപ്പെടുത്തണമെന്നും സ്വാശ്രയ കോളേജ് അദ്ധ്യാപകരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ഗവർണർക്ക് നിവേദനം നൽകി.