
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന 40 ശതമാനമോ അതിലധികമോ വൈകല്യമുള്ള എല്ലാ കുട്ടികൾക്കും പത്താം ക്ളാസ് പരീക്ഷയിൽ ഓരോ വിഷയത്തിനും 25 ശതമാനം ഗ്രേസ് മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നിലവിൽ ശ്രവണ വൈകല്യമുള്ളവർക്കും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്.
കാഴ്ച വൈകല്യം, പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം തുടങ്ങി 21തരം വൈകല്യങ്ങൾ ഉള്ളവർക്കാണ് പുതുതായി ഗ്രേസ് മാർക്കിന് അർഹതയുണ്ടാവുക. തിയറി പേപ്പറുകൾക്ക് ലഭിക്കുന്ന മാർക്കിന്റെ 25 ശതമാനമാണ് ഗ്രേസ് മാർക്കായി ലഭിക്കുക. ഇതിനായി വിദ്യാർത്ഥികൾ 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഏറെക്കാലമായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.