
തിരുവനന്തപുരം: പാലക്കാട്ട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിരിൽ പങ്കെടുത്ത വനിതാ നേതാവിന്റെ പീഡന പരാതി സംസ്ഥാന യൂത്ത് കോൺഗ്രസിൽ പുകഞ്ഞ് കത്തുന്നു.
സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്നും, അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ പീഡന പരാമർശമില്ലെന്നും ഇന്നലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ വിശദീകരിച്ചു.ഇതോടെ, സംഘടനയിലെയും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെയും ഉൾപ്പാർട്ടി പോരിന്റെ ഭാഗമായി വിവാദം വഴി മാറി. പ്രചരിക്കുന്ന പരാതിയിലെ കൈയക്ഷരവും ഒപ്പുമൊന്നും തന്റേതല്ലെന്ന് വനിതാ നേതാവ് കേരളകൗമുദിയോട് പറഞ്ഞു. ഇതിനെതിരെ അവർ സംഘടനാ നേതൃത്വത്തിന് പരാതി നൽകി. സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന കത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.
വിവാദത്തിൽ ഷാഫി പറമ്പിലിനോട് കെ.പി.സി.സി വിശദീകരണം തേടിയിട്ടുണ്ട്. ഏതെങ്കിലും പെൺകുട്ടി അപമാനിക്കപ്പെട്ടെങ്കിൽ ആഭ്യന്തരപ്രശ്നമായി ഒതുക്കിത്തീർക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ക്യാമ്പിൽ മദ്യപിച്ചെത്തി സംസ്ഥാന നിർവാഹക സമിതിയംഗം വിവേക് നായർ തെറി വിളിച്ചതിന്റെ പേരിലാണ് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് അവിടെ വച്ച് പരാതി നൽകിയത്. അതനുസരിച്ച് അച്ചടക്ക നടപടിയുണ്ടായെന്നും വനിതാ നേതാവ് പറഞ്ഞു.
പാർട്ടി ദേശീയ നേതൃത്വത്തെ വരെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തി വിവാദത്തിലായ വിവേക് നായർ പാർട്ടിയിലെ ചിലരുടെ വഴി വിട്ട സഹായത്താലാണ് വീണ്ടും യൂത്ത് കോൺഗ്രസിലും പാർട്ടിയിലും ആളാകാൻ ശ്രമിക്കുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ ഇദ്ദേഹം അവഹേളിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.സംസ്ഥാന പാർട്ടിയിൽ നിലവിലെ സംഘടനാ നേതൃത്വത്തോട് അതൃപ്തിയുള്ള ചിലരുടെ പ്രചരണമായാണ് മറുവിഭാഗം ഇതിനെ ചിത്രീകരിക്കുന്നത്. തലസ്ഥാന ജില്ലയിലെ പാർട്ടിയിൽ മാറിയ സമവാക്യങ്ങളുടെ തുടർച്ചയായും ഇതിനെ കാണുന്നു.
മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിക്കുന്ന പരാതിയിലുള്ളത്. ദളിത് വിഭാഗത്തിൽപ്പെട്ട താൻ സംഘടനയിൽ നേരിടുന്ന നിരവധി പ്രതിസന്ധികളിലൊന്നാണിതെന്നും നിരവധി വനിതാപ്രവർത്തകർ സമാനപ്രശ്നം നേരിടുന്നുണ്ടെന്നും ഈ പരാതിയിലുണ്ട്. വിവേക് നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
'എന്റേതായി പ്രചരിക്കുന്ന കത്തിൽ പറയുന്നത് പോലെ ലൈംഗിക അതിക്രമമൊന്നുമുണ്ടായിട്ടില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ നിയമപരമായി നീങ്ങാനറിയാം'.
- യൂത്ത് കോൺ.
വനിതാ നേതാവ്.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യൂത്ത്
കോൺഗ്രസ് നേതാവ് അറസ്റ്റിൽ
പത്തനംതിട്ട: നിയമ വിദ്യാർത്ഥിനിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും, വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ സഹപാഠിയായ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റുചെയ്തു. യൂത്ത് കോൺഗ്രസ് ആറൻമുള നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കുമ്പഴ നാൽക്കാലിപ്പടി സോമവിലാസത്തിൽ അഭിജിത്ത് സോമനാണ് (26) പിടിയിലായത്.
സ്വകാര്യ ലോ കോളേജിൽ നാലാം സെമസ്റ്ററിന് പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് ഇവിടെ ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിയായ അഭിജിത്തിനെ അറസ്റ്റു ചെയ്തത്.പെൺകുട്ടിക്ക് ഫീസടയ്ക്കാൻ വീട്ടിൽ നിന്നു കൊടുത്ത ഒരു ലക്ഷം രൂപ രണ്ടു തവണയായി ഇയാൾ കൈക്കലാക്കിയെന്നും രണ്ടു തവണ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി.
പൊലീസ് പറയുന്നത്: എട്ടു മാസം മുൻപാണ് അഭിജിത്തുമായി പെൺകുട്ടി പ്രണയത്തിലായത്.പെൺകുട്ടിയെ അഭിജിത്ത് തന്റെ ബുള്ളറ്റിൽ രണ്ടു തവണ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു.ഫീസ് കൊടുക്കാനുള്ള പണമാണ് പെൺകുട്ടിയോട് അഭിജിത്ത് വാങ്ങിയത്.പണം തിരികെ ച്ചോദിച്ചിട്ടും നൽകിയില്ല. പെൺകുട്ടിയുടെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് പെൺകുട്ടി കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. വിവരമറിഞ്ഞ അഭിജിത്ത് ചൊവ്വാഴ്ച വൈകിട്ട് കോളേജിൽ വന്ന് കാറിൽ കയറ്റിക്കൊണ്ടു പോയി ശാരീരികമായി ആക്രമിച്ച് മുറിവേൽപ്പിച്ചെന്നും പരാതിയിലുണ്ട്. തുടർന്നാണ് കൈ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറൻമുള ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഷാഫിയോട് വിശദീകരണം
തേടിയെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിര ക്യാമ്പുമായി ബന്ധപ്പെട്ട് ഉയർന്ന വന്ന വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു. വിഷയവുമായി ബന്ധപ്പെട്ട് താൻ അതിനെ നിസ്സാരവത്കരിച്ച് പ്രതികരിച്ചെന്ന അവാസ്തവമായ വാർത്ത ദൃശ്യമാദ്ധ്യമങ്ങൾ നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാർത്തയിൽ ഒരു കഴമ്പുമില്ല.
ആരോപണ വിധേയനെതിരെ
നടപടിയുണ്ടാവും:സതീശൻ
തിരുവനന്തപുരം/ കൊച്ചി : യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിറിൽ ഏതെങ്കിലും പെൺകുട്ടി അപമാനിക്കപ്പെട്ടതായി പരാതി ലഭിച്ചാൽ പൊലീസിന് കൈമാറുമെന്നും, ആരോപണ വിധേയനെതിരെ സംഘടനാ നടപടിയുണ്ടാവുമെന്നും .പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പെൺകുട്ടികളോട് മോശമായി പെരുമാറുന്നവർ സംഘടനയിലുണ്ടാകില്ല. പങ്കെടുത്ത എല്ലാ പെൺകുട്ടികളുമായും സംസാരിക്കാൻ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. ആരും സമ്മർദ്ദത്തിന് വഴങ്ങി പരാതി കൊടുക്കാതിരിക്കരുത്. വാക്കു കൊണ്ടോ, നോക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ ഏതെങ്കിലും പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പരാതി എഴുതി വാങ്ങും. . ക്യാമ്പിന്റെ അച്ചടക്കത്തിന് ചേരാത്ത രീതിയിൽ പ്രവർത്തിച്ചതിനാണ് ആരോപണ വിധേയനെതിരെ നടപടിയെടുത്തതെന്നുംസതീശൻ പറഞ്ഞു.
പീഡനപരാതി
കിട്ടിയിട്ടില്ല :
ഷാഫി പറമ്പിൽ
തൃശൂർ: ചിന്തൻ ശിബിരത്തിനിടെ പീഡനശ്രമം നടന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്ന് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഹപ്രവർത്തക ദേശീയ നേതൃത്വത്തിനു നൽകിയ പരാതിയിലും പീഡന പരാമർശമില്ല. ഇക്കാര്യത്തിൽ എല്ലാം പറയേണ്ടത് പെൺകുട്ടിയാണെന്നും ഷാഫി വ്യക്തമാക്കി. പീഡനശ്രമത്തെക്കുറിച്ച് പരാതി ഉയർന്നിട്ടും യൂത്ത് കോൺഗ്രസ് അതു മറച്ചുവയ്ക്കാൻ ശ്രമിച്ചതായി വ്യാപക ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പിൽ വിശദീകരണവുമായി എത്തിയത്. പെൺകുട്ടി അച്ചടക്കലംഘന പരാതിയാണ് ചൂണ്ടിക്കാട്ടിയത്. പീഡന പരാതിയുണ്ടെങ്കിൽ തീർച്ചയായും പൊലീസിനെ സമീപിക്കാം.