
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരിക്കെ തലസ്ഥാനത്തെ പ്രമുഖ ജുവലറിയിൽ നിന്ന്, ഉടമയുടെ മകനെ വിരട്ടി 95 ശതമാനം ഡിസ്കൗണ്ടിൽ ഏഴുപവന്റെ നെക്‌ലേസ് വാങ്ങിയ ജയിൽ ഡി.ജി.പി സുധേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് ചീഫ്സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സർക്കാരിന് ശുപാർശ നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജുവലറിയുടമയിൽ നിന്നടക്കം ഇരുവരും വിവരങ്ങൾ തേടിയിരുന്നു. സി.സി ടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും പരിശോധിച്ചു. ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഒക്ടോബറിൽ വിരമിക്കുന്ന സുധേഷിനെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.
എം.ജി റോഡിലെ ജുവലറിയിൽ നിന്ന് മകൾക്കായി ആന്റിക് ശ്രേണിയിൽപെട്ട 7 പവന്റെ നെക്‌ലേസിന് പലതവണ ഡിസ്കൗണ്ട് ആവശ്യപ്പെട്ട സുധേഷ് കുമാർ ഒടുവിൽ സ്വർണക്കടത്തിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത്രയും കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കിയത്. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.
അതേസമയം, വിജിലൻസ് ഡയറക്ടറായിരിക്കെ സുധേഷ് കുമാർ ഉത്തരവിട്ട മൂന്ന് അന്വേഷണങ്ങളിൽ കഴമ്പില്ലെന്ന് കാട്ടി വിജിലൻസ് റിപ്പോർട്ട് നൽകി. മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.പി ടോമിൻ തച്ചങ്കരി, ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത്, ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണി എന്നിവർക്കെതിരെയുള്ള അന്വേഷണങ്ങളാണിവ. ഊമക്കത്ത് പരാതിയായി സ്വീകരിച്ചായിരുന്നു ശ്രീജിത്തിനും പ്രശാന്തൻ കാണിക്കുമെതിരായ അന്വേഷണം. തച്ചങ്കരി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ എം.ഡിയായിരുന്ന കാലത്തെ ഇടപാടിലായിരുന്നു അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സുധേഷ് കുമാറിന്റെ മകൾ പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ചെന്ന പരാതി അന്വേഷിച്ചത് പ്രശാന്തൻ കാണിയായിരുന്നു. കുറ്റപത്രം നൽകിയത് ശ്രീജിത്ത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരിക്കെയാണ്.