a

തിരുവനന്തപുരം: തടവുകാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നതായി ജയിൽവാർഡനെതിരെ മജിസ്‌ട്രേറ്റിന് പരാതി നൽകിയ തടവുകാരന് മർദ്ദനം. പൂജപ്പുര സെൻട്രൽ ജയിലിലാണ് ആരോപണവിധേയനായ ജയിൽ വാർഡൻ പരാതി നൽകിയ തടവുകാരനെ മർദ്ദിച്ചത്. ഇന്നലെ രാവിലെ 7ഓടെയായിരുന്നു സംഭവം.

ആരോപണവിധേയനായ ജയിൽവാർഡൻ വർഷങ്ങളായി കഞ്ചാവ് എത്തിച്ചുനൽകിയിരുന്നുവെന്നാണ് പരാതി. ഇതിനുള്ള വില തടവുകാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ജയിൽ വാർഡന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയാണ് പതിവെന്നാണ് ആരോപണം. ഇക്കാര്യമാണ് പരാതിയായി എഴുതി തടവുകാരൻ ജയിലിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയിൽ നിക്ഷേപിച്ചത്.

പരാതി പരിശോധിച്ച മജിസ്‌ട്രേറ്റ് ഇതുസംബന്ധിച്ച് വസ്‌തുത ആരാഞ്ഞതിനെ തുടർന്നാണ് ക്ഷുഭിതനായ ജയിൽ വാർഡൻ തടവുകാരനെ മർദ്ദിച്ചത്. എന്നാൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കാമെന്നുമാണ് ജയിൽ സൂപ്രണ്ട് പറയുന്നത്.