
തിരുവനന്തപുരം: ആറുമാസം മുമ്പ് കുഴിച്ചിട്ട കണ്ണമ്മൂല അയ്യങ്കാളി റോഡിലെ ജോലികൾ ഇഴയുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. ഡ്രെയിനേജ് നിർമ്മാണത്തിനുവേണ്ടിയാണ് റോഡ് കുഴിച്ചത്. ആ ഭാഗത്തെ മണ്ണും കല്ലും റോഡിന്റെ മദ്ധ്യഭാഗത്ത് കൂട്ടിവച്ചതോടെ വലിയ വാഹനങ്ങൾ പോകുന്ന റോഡിൽ ഇപ്പോൾ കഷ്ടിച്ച് ഇരുചക്ര വാഹനത്തിന് മാത്രമേ പോകാൻ സാധിക്കൂ.
കാൽനട യാത്രക്കാർക്കും യാത്ര ദുസഹമാണ്. ഓടകളുടെ ജോലികൾ പകുതി ആരംഭിച്ചെങ്കിലും കരാറിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി ജോലികൾ ഇഴയുകയായിരുന്നു. മഴയെത്തിയപ്പോൾ ജോലികൾ നിലച്ചു. റോഡ് കുഴിച്ചിട്ടിരിക്കുന്നതുകാരണം സ്ഥലവാസികളും ബുദ്ധിമുട്ടുകയാണ്. സ്വന്തം വാഹനമുള്ളവർക്ക് വീടുകളിലേക്ക് വാഹനം കയറ്റാൻ സാധിക്കുന്നില്ല. മഴ പെയ്‌താൽ റോഡ് ചെളിക്കളമാകും.
വീടുകളിലേക്ക് സാധനങ്ങൾ വാങ്ങി വരുന്നവർ പകുതിക്ക് ഇറക്കി ചുമന്ന് വീട്ടിലെത്തിക്കേണ്ട അവസ്ഥയാണ്. ആറടിയോളം താഴ്ചയിലാണ് ഇവിടെ കുഴിച്ചിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതുകൊണ്ട് അപകടസാദ്ധ്യതയും കൂടുതലാണ്. 3.5 കോടി രൂപയുടെ ഡ്രെയിനേജ് പദ്ധതിയാണ് വാട്ടർ അതോറിട്ടി ഇവിടെ നടത്തുന്നത്. മഴകാരണം ജോലി തടസപ്പെട്ടെന്നും നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും കൗൺസിലർ അജിത്ത് കുമാർ പറഞ്ഞു.