കുറ്റിച്ചൽ: റസിഡന്റ്സ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി 10 ദിവസം കഴിഞ്ഞും ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥിക്ക് സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ കഴിഞ്ഞില്ലെന്ന് പരാതി. ഇക്കഴിഞ്ഞ 29ന് കുറ്റിച്ചൽ മാറാംകുഴി ബഥേൽ ഭവനിലെ ലക്ഷ്‌മി മകനുവേണ്ടി കുറ്റിച്ചൽ പഞ്ചായത്തിൽ അപേക്ഷ നൽകിയത്.

രണ്ടാം തീയതി സർട്ടിഫിക്കറ്റ് നൽകാമെന്നുപറഞ്ഞ് ഉദ്യോഗസ്ഥർ മടക്കിഅയച്ചു. എന്നാൽ ഓരോ ദിവസവും വിവിധ കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചെന്നും ഇതുകാരണം മകന് സ്കോളർഷിപ്പ്‌ നഷ്ടമായെന്നും ലക്ഷ്മി പറയുന്നു. ഫ്രണ്ട് ഓഫീസിൽ ഇരുന്നവർ അപേക്ഷ സ്വീകരിച്ചപ്പോൾ വരുത്തിയ പിശകാണെന്നും ഉദ്യോഗസ്ഥർ പരിശോധിച്ച് വേണ്ട നടപടി സ്വീകരിച്ചിരുന്നെങ്കിൽ സ്കോളർഷിപ്പ്‌ നഷ്ടമാകില്ലായിരുന്നെന്നും അവർ പറഞ്ഞു. പഞ്ചായത്ത് അംഗത്തോട് സർട്ടിഫിക്കറ്റ് വൈകുന്ന കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി.

മന്ത്രിക്ക് പരാതി നൽകുമെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥർ റസിഡന്റ്സ് സർട്ടിഫിക്കറ്റ് നിമിഷങ്ങൾക്കുള്ളിൽ ശരിയാക്കുകയും ചെയ്‌തു. മകന് ഇനി സ്‌കോളർഷിപ്പ് ലഭിക്കാത്തതിനാൽ ലക്ഷ്‌മി സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ തയ്യാറായില്ല.