
തിരുവനന്തപുരം :പോക്സോ കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷിക്കുന്നതിനായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനുളള മരുന്ന് കുറിച്ച് നൽകിയ ഹോമിയോ ഡോക്ടറുടെ മുൻകൂർ ജാമ്യഹർജി കോടതി തളളി. തിരുവല്ലം വേങ്ങര ക്ഷേത്രത്തിന് സമീപം പ്രണവം വീട്ടിൽ ഡോക്ടർ പ്രേംചന്ദിന്റെ മുൻകൂർ ജാമ്യ ഹർജിയാണ് പോക്സോ കോടതി ജഡ്ജി എം.പി.ഷിബു തളളിയത്. പൂന്തുറ ഭാഗത്ത് വർഷങ്ങളായി ഒരു ബോർഡ് പോലുമില്ലാതെ ഹോമിയോ ക്ളിനിക് നടത്തുന്ന പ്രേംചന്ദ് പെൺകുട്ടിക്ക് അലോപ്പതി മരുന്നാണ് ഗർഭ ഛിദ്രത്തിനായി എഴുതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന മരുന്നാണ് പ്രതി എഴുതി നൽകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.കേസിലെ യഥാർത്ഥ പ്രതിയെ സഹായിക്കാനാണ് ഡോക്ടർ പെൺകുട്ടിക്ക് മരുന്ന് കുറിച്ച് നൽകിയത്.മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി പ്രവർത്തിച്ച പ്രതി ജോലിയുടെ പരിരക്ഷ അർഹിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യഹർജി തളളിയത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.