തിരുവനന്തപുരം: വധക്കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും നേരിൽകണ്ട് തിരിച്ചറിയൽ നടപടികൾ പൂർത്തീകരണത്തിന് തടസം നിൽക്കാതെ കോടതി.

അഞ്ചൽ രാമഭദ്രൻ വധക്കേസ് അഞ്ചാം പ്രതി ഷിബുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവിവരം പ്രതിഭാഗം വക്കീൽ അറിയിച്ചെങ്കിലും പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.സനിൽകുമാർ തിരിച്ചറിയൽ നടപടികൾ തുടരാൻ ആവശ്യപ്പെട്ടു. സാക്ഷിയും കൊല്ലപ്പെട്ട രാമഭദ്രന്റെ ബന്ധുവുമായ ഷിബുവാണ് കഴിഞ്ഞദിവസം കോടതിയിൽ ഹാജരായി പ്രതിയെ തിരിച്ചറിഞ്ഞത്.

2010 ഏപ്രിൽ 10ന് രാത്രി 9 ഓടെയാണ് പത്തോളം പേർ അഞ്ചൽ സ്വദേശി രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കെട്ടിട നിർമ്മാണ കരാറുകാരനായ രാമഭഭദ്രൻ തൊട്ടടുത്ത ദിവസത്തെ ജോലിയെക്കുറിച്ച് സംസാരിക്കാനായി ബന്ധുവും തന്റെ തൊഴിലാളിയുമായ ഷിബുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തിരികെ മടങ്ങുന്നതിനിടെ എതിർ വശത്തുനിന്ന് അമിത വേഗതയിൽ ഒരു ജീപ്പ് രാമഭദ്രന്റെ വീട്ടിലെത്തി. തുടർന്ന് നിലവിളി കേട്ട് രാമഭദ്രന്റെ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ റോഡിൽ വടിവാൾ ഉരസിയും വീശിയും തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഷിബു കോടതിയിൽ മൊഴി നൽകിയിരുന്നു.

തെരുവ് വിളക്കിന്റെ പ്രകാശത്തിൽ ഇവരെ വ്യക്തമായി തിരിച്ചറിഞ്ഞുവെന്നും ഷിബു കോടതിയെ അറിയിച്ചു. അയൽവാസികൾ രാമഭദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും താൻ പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നും മൊഴി നൽകി. കേസിലെ ഒമ്പതും പത്തും പ്രതികളായ രതീഷ്,​ ബിജു എന്നിവരെയും പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച വാളുകളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.

കോൺഗ്രസ് ഏരൂർ മണ്ഡലം വെെസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി നേതാവുമായിരുന്നു രാമഭദ്രൻ. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പ്രോസിക്യൂട്ട‌‌ർ അരുൺ.കെ. ആന്റണി ഹാജരായി.