പൂവാർ: പാമ്പുകാല, പാഞ്ചിക്കാല പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. പ്രദേശത്തെ വളർത്തുമൃഗങ്ങളെയും തെരുവ് നായ്ക്കൾ കടിച്ചു. കൊച്ചുകുട്ടി മുതൽ വൃദ്ധരെ വരെ വീടുകയറിയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്.
പൂവാർ പാഞ്ചിക്കാല വീട്ടിൽ വസന്തയെയാണ് ആദ്യം തെരുവ് നായ കടിച്ചത്. വീടിന്റെ പിന്നാമ്പുറത്ത് വീട്ടുജോലികൾ ചെയ്ത് നിൽക്കവേയാണ് വസന്തയെ തെരുവ് നായ ആക്രമിച്ചത്. ഇവരുടെ നിലവിളി കേട്ടെത്തിയ വസന്തയുടെ ബന്ധുക്കളെയും തെരുവ് നായ കടിച്ചു.
ഇവരുടെ വീട്ടിലുണ്ടായിരുന്ന പട്ടിയെയും ആടിനെയും കടിച്ച ശേഷം മതിലുചാടിയ നായ, റോഡിലൂടെ പോവുകയായിരുന്ന സെന്റ് ഹെലൻസ് സ്കൂളിലെ ഒമ്പതാംക്ലാസുകാരൻ ബ്ലസനെയും അനുജൻ ആറാം ക്ലാസ് വിദ്യാർത്ഥി വിപിനെയും കടിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ വിരണ്ടോടിയ നായ സമീപത്തുണ്ടായിരുന്ന വളർത്തുമൃഗങ്ങളെയും കടിച്ചുകീറി.
പാഞ്ചിക്കാല ഊറ്റുകുഴി ഭാഗത്ത് നിന്ന് പേ പിടിച്ച രണ്ട് നായ്ക്കൾ കൂടെ ചേർന്ന് കണ്ണിൽ കണ്ട നാട്ടുകാരെയൊക്കെ കടിച്ചുകീറുകയായിരുന്നു. 25 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ അജിത, ജീവി വൈ.ദാസ്, വസന്ത എന്നിവർക്കാണ് മാരകമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കടിയേറ്റവർ പൂവാർ ഗവ. ആശുപത്രിയിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
പാമ്പുകാല പ്രദേശമാകെ തെരുവ് നായ്ക്കളുടെയും പേപ്പട്ടികളുടെയും ശല്യം രൂക്ഷമാണ്.