
പോത്തൻകോട്: ജില്ലാ ജയിലിൽ വധശ്രമ കേസിൽ റിമാൻഡിലായിരുന്ന പ്രതി പോങ്ങുംമൂട് സ്വദേശി അജികുമാർ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. പൊലീസ് കസ്റ്റഡിയിലോ റിമാൻഡിലോ നേരിട്ട മർദ്ദനത്തെ തുടർന്നാണ് അജികുമാർ മരണപ്പെട്ടതെന്ന് അമ്മ ശാന്തയും ബന്ധുക്കളും ആരോപിച്ചു. മണ്ണന്തലയിൽ ഇക്കഴിഞ്ഞ 2ന് ഒരു യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തള്ളിയ കേസിൽ അടുത്തദിവസം രാവിലെയാണ് അജിയെ പൊലീസ് അറസ്റ്റു ചെയ്തത്. അന്നേദിവസം വൈകിട്ട് മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ മണ്ണന്തല സ്റ്റേഷനിലെത്തുമ്പോൾ അജികുമാർ അവശനിലയിലായിരുന്നു. അജിയെ കാണാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. തുടർന്ന് ഇക്കഴിഞ്ഞ 6ന് ജയിലിൽ അസ്വസ്ഥത പ്രകടിപ്പിച്ച അജികുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ജയിൽ അധികൃതർ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തുമ്പോൾ അനങ്ങാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാൾ. ശരീരത്തിലും കണ്ണിന്റെ ഭാഗത്തും കൈകാലുകളിലും മുറിവുകളുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിലോ ജയിലിലോ മകന് മർദ്ദനം ഏറ്റതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ അജികുമാറിനെ പിടികൂടുമ്പോൾത്തന്നെ ദേഹത്ത് മർദ്ദനമേറ്റ പരിക്കും ക്ഷതങ്ങളും ഉണ്ടായിരുന്നതായി റിമാൻഡിന് മുമ്പ് നടത്തിയ മെഡിക്കൽ പരിശോധനയിൽ ഡോക്ടർമാർ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മണ്ണന്തല പൊലീസ് അറിയിച്ചു. വൈറൽ ഇൻഫക്ഷനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പരാതിയുയർന്ന സാഹചര്യത്തിൽ മജിസ്‌ട്രേറ്റിന്റെയും ആർ.ഡി.ഒയുടെയും മേൽനോട്ടത്തിലാണ് പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഞാണ്ടൂർക്കോണം സ്വദേശി പരേതനായ മണികണ്ഠന്റെയും ശാന്തയുടെയും മൂത്തമകനാണ് മരിച്ച അജികുമാർ.