manoj-abraham

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി മാറ്റി നിയമിച്ചു. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ എം.ആർ. അജിത്കുമാറിനെ മാറ്റിയതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. ബറ്റാലിയൻ എ.ഡി.ജി.പി കെ. പത്മകുമാറിനെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായും പൗരാവകാശ സംരക്ഷണ വിഭാഗത്തിലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ബറ്റാലിയൻ എ.ഡി.ജി.പിയായും നിയമിച്ചു.
സ്‌റ്റേറ്റ് ക്രൈം റെക്കാഡ്‌സ് ബ്യൂറോ എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ ബിവറേജസ് കോർപ്പറേഷൻ എം.ഡിയാക്കി. ഉത്തരമേഖലാ ഐ.ജിയായി ടി. വിക്രമിനെ നിയമിച്ചു. അവിടെ നിന്ന് അശോക് യാദവിനെ സുരക്ഷാ വിഭാഗം ഐ.ജിയാക്കി. ബിവറേജസ് കോർപ്പറേഷൻ എം.ഡിയായിരുന്ന എസ്. ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഡി.ഐ.ജിയാക്കി. ഡോ. എ. ശ്രീനിവാസിനെ സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയാക്കി. കെ. കാർത്തിക്കാണ് കോട്ടയം എസ്.പി. മെറിൻ ജോസഫിനെ കൊല്ലം കമ്മിഷണറായും ടി. നാരായണനെ പൊലീസ് ആസ്ഥാനത്തെ എ.എ.ഐ.ജിയായും നിയമിച്ചു.
കോഴിക്കോട് റൂറൽ എസ്.പിയായി ആർ. കറുപ്പസ്വാമിയെ നിയമിച്ചു. അരവിന്ദകുമാറാണ് കെ.എ.പി നാലാം ബറ്റാലിയന്റെ പുതിയ കമാൻഡന്റ്. ഡി. ശില്പയെ വനിതാ സെൽ എസ്.പിയാക്കി. വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതലയും ഡി.ശില്പ വഹിക്കും. വയനാട് ജില്ലാ പൊലീസ് മേധാവിയായി ആർ. ആനന്ദിനെ നിയമിച്ചു. എറണാകുളം റൂറൽ എസ്.പിയായി വിവേക് കുമാറിനെ നിയമിച്ചു. വി.യു കുര്യാക്കോസിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി. വിഷ്ണു പ്രദീപിനെ പേരാമ്പ്ര എ.എസ്.പിയാക്കി. പി. നിഥിൻരാജാണ് പുതിയ തലശ്ശേരി എ.എസ്.പി.