തിരുവനന്തപുരം:നഗരത്തിൽ ഇന്നലെ സന്ധ്യയ്ക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയും ചില്ലകൾ ഒ‌ടിഞ്ഞുവീണും നാശനഷ്ടം. കാരയ്ക്കാമണ്ഡപത്തിന് സമീപം മായയെന്ന യുവതിയുടെ വീട് തേക്ക് കടപുഴകി ഭാഗികമായി തകർന്നു. വീടിന്റെ ഒരുഭാഗവും ബാത്ത് റൂമുമാണ് തകർന്നത്.ആർക്കും പരിക്കില്ല.ഇടപ്പഴഞ്ഞി ആശ്രമം ലെയിനിൽ ഗോപിനാഥൻനായരുടെ വീടിന് മേൽ തെങ്ങ് കടപുഴകി വീടിന് ഭാഗികമായ നാശനഷ്ടമുണ്ടായി.ടെറസ് വീടിനുമുകളിലാണ് തെങ്ങുവീണത്.ചെങ്കൽ ചൂളയിൽ വസന്തയുടെ വീടിന്റെ ഷീറ്റ് മേൽക്കൂര കാറ്റിൽ പറന്ന് വൈദ്യുതി ലൈനിൽ കുടുങ്ങിയത് ചെങ്കൽചൂള,​ തമ്പാനൂർ ഭാഗത്ത് അരമണിക്കൂറിലേറെ വൈദ്യുതി വിതരണം തടസപ്പെട്ടു.പേരൂർക്കട,​ മുട്ടട,​വഴയില,​വട്ടിയൂർക്കാവ്,ഉള്ളൂർ,​ശ്രീകാര്യം ഭാഗങ്ങളിലും കാറ്റിലും മഴയിലും വൈദ്യുതി തടസപ്പെട്ടു. മരച്ചില്ലകൾ ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണതാണ് വൈദ്യുതി തടസത്തിന് കാരണമായത്.