തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ തമ്പാനൂർ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുരുകേശപിള്ളയാണ് പിടിയിലായത്. ഇയാൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏറെ നാളായി വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.
രണ്ടുവർഷത്തിനിടെ ഇയാൾ അമ്പതിലധികം പേരിൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് വിവരം. ഓരോരുത്തരിൽ നിന്ന് രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെ ഇയാൾ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. തട്ടിപ്പിനിരയായ ചിലർ തമ്പാനൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സി.ഐ പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കും.