തിരുവനന്തപുരം: നിർമ്മാണ വൈദഗ്‌ദ്ധ്യവും ദൃശ്യചാരുതയും സമന്വയിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്‌ജ് കിഴക്കേകോട്ടയിൽ റെഡി.തലസ്ഥാനത്തിന്റെ സാംസ്‌ക്കാരിക മുഖം അടയാളപ്പെടുത്തുന്ന ഫുട്ട് ഓവർ ബ്രിഡ്‌ജിന്റെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടത്താനുളള തയ്യാറെടുപ്പിലാണ് നഗരസഭ. മഹാത്മഗാന്ധി, ജവഹർലാൽ നെഹ്‌റു,അംബേദ്‌കർ,ഇ.എം.എസ്,എ.പി.ജെ അബ്‌ദുൾകലാം എന്നിവരുടെ ചിത്രങ്ങൾ ഫുട്ട് ഓവർ ബ്രിഡിജിലുണ്ട്. ‘അഭിമാനം അനന്തപുരി’ എന്ന പേരിൽ തലസ്ഥാനം ലോകത്തിന് സംഭാവന ചെയ്‌ത നവോത്ഥാന-കല-സാംസ്‌കാരിക നായകരുടെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.ശ്രീനാരായണ ഗുരുദേവൻ,ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി,രാജാരവിവർമ്മ,കുമാരനാശാൻ,മാർത്താണ്ഡവർമ്മ,സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള,പ്രേംനസീർ,സത്യൻ,മോഹൻലാൽ,ജഗതി ശ്രീകുമാർ, കെ.എസ്. ചിത്ര,സഞ്‌ജു സാംസൺ തുടങ്ങിയവരുടെ ചിത്രങ്ങളാണ് 'അഭിമാനം അനന്തപുരിയിൽ’ ഉൾപ്പെടുത്തിയിരിക്കുന്നത്.സെക്രട്ടേറിയറ്റ് സമരവും ജലപീരങ്കിയുമടക്കം 32 ചിത്രങ്ങൾ ചേർന്ന പൊളപ്പൻ തിരുവനന്തപുരം എന്ന സെൽഫി പോയിന്റും ഫുട്ട് ഓവർ ബ്രിഡ്‌ജിലെ പ്രധാന ആകർഷണമാണ്.കാസർകോട് മുതൽ തിരുവനന്തപുരം വരെയുളള കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങളും ഫുട്ട് ഓവർ ഇവിടെയുണ്ട്.
ഇനി തെളിയും സമരചിത്രങ്ങൾ
ഫുട്ട് ഓവർ ബ്രിഡ്ജിന്റെ തൂണുകളിലടക്കം കൂടുതൽ ചിത്രങ്ങൾ തെളിയും.ഉദ്ഘാടനത്തിന് ശേഷമായിരിക്കും ബാക്കി ചിത്രങ്ങൾ വെളിച്ചം കാണുക.കേരളത്തിലെ അറിയപ്പെട്ടതും അറിയപ്പെടാതെ പോയതുമായ പ്രാദേശിക സമരങ്ങളുടെ ചിത്രങ്ങളാകും വരയ്‌ക്കുക.
നസീബിന്റെ ആശയത്തിന് ആര്യയുടെ പച്ചക്കൊടി
ആക്‌സൊ എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണച്ചുമതല. കമ്പനി എം.ഡിയായ നസീബിന്റെതാണ് രൂപകൽപ്പനയും ആശയവും. 'അഭിമാനം അനന്തപുരി'യെന്ന ആശയം മനസിൽ വന്നപ്പോൾത്തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ കാര്യം മേയർ ആര്യ രാജേന്ദ്രനോട് അവതരിപ്പിച്ചു. നസീബിന്റെ ആശയത്തിന് അനുവാദം നൽകിയ ആര്യ ഫുട്ട്ഓവർ ബ്രിഡ്‌ജിൽ ചിത്രങ്ങൾ വയ്‌ക്കാൻ പൂർണ സ്വാതന്ത്ര്യം നൽകി.നസീബും ആര്യയും ചേർന്നാണ് പൊളപ്പൻ തിരുവനന്തപുരത്തിലെ 32 ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
ഏഴടിയുളള ക്ലോക്കും രണ്ട് ലിഫ്റ്റും
കോവളം ബസ്‌സ്‌റ്റോപ്പ്–ആറ്റുകാൽ ബസ് സ്‌റ്റോപ്പ് -ഗാന്ധിപാർക്ക് എന്നിങ്ങനെ ‘എൽ’ മാതൃകയിലാണ് ഫുട്ട് ഓവർ ബ്രിഡ്ജിന്റെ ഘടന.നാല് ഭാഗത്തുനിന്നും പ്രവേശിക്കാം.ഇതിനുപുറമെ ഗാന്ധിപാർക്ക്,കരിമ്പനാൽ ആർക്കേഡ് ഭാഗങ്ങളിൽ ലിഫ്‌റ്റും സജ്ജീകരിച്ചിട്ടുണ്ട്.ഏഴടിയുള്ള ക്ലോക്കാണ് മറ്റൊരു സവിശേഷത.എവിടെ നിന്ന് നോക്കിയാലും സമയമറിയാം.പാലത്തിന് 102 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുണ്ട്.പാലം തുറക്കുന്നതോടെ കിഴക്കേകോട്ടയിലെ ഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷ.കാൽനട യാത്ര എളുപ്പവും സുരക്ഷിതവുമാവും.
ചെലവ് കൂടി
നാല് കോടി രൂപയായിരുന്നു ഫുട് ഓവർ ബ്രിഡിജിന്റെ നിർമ്മാണച്ചെലവ്.എന്നാൽ നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന കാരണം പദ്ധതി പൂർത്തിയാകുമ്പോൾ ചെലവ് പ്രതീക്ഷിച്ചതിലും കൂടി.ആകെ ചെലവ് എത്രയെന്ന് വരും ദിവസങ്ങളിലേ അറിയാൻ സാധിക്കുകയുളളൂ. 2019ൽ വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്താണ് തറക്കല്ലിട്ടത്.
''രാജ്യത്തിന്റെ വൈവിദ്ധ്യങ്ങൾ നഷ്‌ടപ്പെടുത്തി ഏകീകരണം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് നഗരസഭയുടെ നയമാണ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്നത്''
- മേയർ ആര്യാ രാജേന്ദ്രൻ