
തിരുവനന്തപുരം: ബി.ജെ.പിക്ക് ലഷ്‌കറെ തയ്ബ അടക്കമുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് ദേശീയ വക്താവ് ശ്രാവൺ ദസോജു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഉദയ്‌പൂരിലും അമരാവതിയിലുമുണ്ടായ കൊലപാതകങ്ങളിലെ പ്രതികൾക്ക് ബി.ജെ.പി ബന്ധമുണ്ട്. തീവ്രവാദ പ്രവർത്തനം നടത്തുന്നവരുമായി അടുത്ത ബന്ധമുള്ള ബി.ജെ.പിക്ക് ദേശീയതയെ കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല.
ഉദയ്‌പൂർ കൊലപാതകത്തിലെ പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അട്ടാരി ബി.ജെ.പി പ്രവർത്തകനാണ്. മുതിർന്ന ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ഇയാൾ നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അമരാവതി രസതന്ത്രജ്ഞൻ ഉമേഷ് കോൽഹെയുടെ കൊലപാതകത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഇർഫാൻ ഖാന് ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര എം.പി നവനീത് റാണയും ഭർത്താവ് രവി റാണയുമായും അടുത്ത ബന്ധമുണ്ട്. പ്രദേശവാസികൾ പിടികൂടിയ ലഷ്‌കറെ തയ്‌ബ ഭീകരൻ താലിബ് ഹുസൈൻ ഷാ ബി.ജെ.പി ജമ്മു പ്രവിശ്യ ന്യൂനപക്ഷ മോർച്ച ഐ.ടി സെൽ മേധാവിയാണ്. ഇയാൾക്ക് അമിത് ഷായുമായി ബന്ധമുണ്ട്. ഇത്തരം വിഷയങ്ങളിൽ ബി.ജെ.പി നേതൃത്വം മറുപടി പറയാതെ മൗനം പാലിക്കുകയാണ്. ബി.ജെ.പി ജനങ്ങൾക്ക് ഭീഷണിയായി മാറിയെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.