kseb-bill

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധന നടപ്പാക്കിയതിനു പുറമെ ഇൗ മാസം പതിവ് ഡെപ്പോസിറ്റ് പരിഷ്ക്കരണം കൂടി വന്നതോടെ ഇൗ മാസം വൈദ്യുതി ബിൽ ഇരുട്ടടിയായി.

ജൂൺ 25ന് ശേഷമുള്ള വൈദ്യുതി ഉപഭോഗത്തിനാണ് പുതിയ നിരക്ക്. അതു പ്രകാരമുള്ള ബില്ലുകൾ ഇൗ മാസം മുതൽ വന്നുതുടങ്ങും.

ഒാരോ സാമ്പത്തിക വർഷത്തിന്റെയും ആദ്യത്തെ മൂന്ന് മാസത്തെ ഉപഭോഗം കണക്കാക്കി തൊട്ടടുത്ത മാസമായ ജൂലായിലാണ് ഡെപ്പോസിറ്റ് തുക പുതുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരിയേക്കാൾ കൂടുതൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യമൂന്നുമാസം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഡെപ്പോസിറ്റായി അധിക തുക ഈടാക്കും. കുറവാണെങ്കിൽ നിലവിലെ ഡെപ്പോസിറ്റിൽ കുറവ് വരുത്തും.

രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾ മൂന്നു മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾ രണ്ടുമാസത്തെ മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് ഡെപ്പോസിറ്റായി നൽകേണ്ടത്. അധിക തുക നൽകേണ്ടിവന്നാൽ, ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ,നിലവിലെ ഡെപ്പോസിറ്റിൽ കുറയ്ക്കേണ്ട തുക പതിവ് ബില്ലിൽ വകവച്ച് തരും.

സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.