tomato-fever

 അപകടസാദ്ധ്യത കുറവെങ്കിലും സൂക്ഷിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമായതോടെ കുട്ടികളും പനിയുടെ പിടിയിൽ. തക്കാളിപ്പനിയാണ് (ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസ്) കുട്ടികളിൽ പടരുന്നത്. അപകടസാദ്ധ്യത കുറവാണെങ്കിലും അപൂർവമായി തക്കാളിപ്പനി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാറുണ്ട്. പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും അവ അവഗണിച്ച് കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് രോഗം പടരാൻ ഇടയാക്കുന്നുണ്ട്. രോഗബാധിതരാകുന്ന കുട്ടികളിൽ അധികവും ക്ലിനിക്കുകളിലും മറ്റും ചികിത്സ തേടുകയാണ് പതിവ്. ഇക്കാരണത്താൽ തന്നെ രോഗബാധിതരാകുന്ന കുട്ടികളുടെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന് ശേഖരിക്കാനാവില്ല. അ‌ഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് രോഗബാധയ്ക്ക് സാദ്ധ്യതയെങ്കിലും മുതിർന്നവരിലും രോഗബാധ കാണാറുണ്ട്. കൈവെള്ള, പാദം, വായ, ചുണ്ട് എന്നിവിടങ്ങളിൽ കണ്ടുവരുന്ന വൈറസ് രോഗമാണിത്. രോഗം ബാധിച്ച കുട്ടികളുടെ മൂക്കിലേയോ തൊണ്ടയിലേയോ സ്രവം, ഉമിനീർ, തൊലിപ്പുറത്തെ കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കത്തിലൂടെ മറ്രൊരാളിലേക്ക് രോഗം പകരും. ചികിത്സിച്ചാൽ പരമാവധി പത്ത് ദിവസത്തിനുള്ളിൽ ഭേദമാകും.

ലക്ഷണങ്ങൾ

പനി, ക്ഷീണം, സന്ധിവേദന,

കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പും

വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം

ശക്തമായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിന് തടസം


ശ്രദ്ധ വേണം

മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകാൻ കുട്ടികളെ പഠിപ്പിക്കണം

ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടണം

രോഗബാധിതരായ കുട്ടികളെ വിദ്യാലയങ്ങളിൽ അയയ്ക്കരുത്

ശരീരത്തിലെ കുമിള പൊട്ടിക്കരുത്

വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ തണുപ്പുള്ള ഭക്ഷണം ഉചിതം

നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം

--------------------------------------------------------------

 9 ദിവസം 1,12,530 കേസുകൾ

ഈമാസം ഇതുവരെ പനിബാധിച്ച് സംസ്ഥാനത്ത് ആകെ 1,12,530 പേരാണ് ചികിത്സതേടിയത്. 181 പേർക്ക് ഡെങ്കിയും 13,085 പേർക്ക് ഡയേറിയയും ബാധിച്ചു. 165 പേർ ചിക്കൻപോക്സിനും 33 പേർ ചെള്ളുപനിക്കും ചികിത്സതേടി.

 തക്കാളിപ്പനി ബാധിച്ച് ആരും ഗുരുതരാവസ്ഥയിലായിട്ടില്ല. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെ ഈ രോഗം കൂടുതലായും ബാധിക്കുമെന്നതിനാൽ ഏറെ ശ്രദ്ധ വേണം.

വീണാ ജോർജ്,​

ആരോഗ്യമന്ത്രി